college
കലാലയവർണ്ണങ്ങൾ .... പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ആദ്യദി​നം സൗഹൃദം പങ്കിടുന്ന വി​ദ്യാർത്ഥി​കൾ

പത്തനംതിട്ട : സ്കൂൾ മുറ്റങ്ങളിൽ നിന്ന് കൊവിഡിനോട് പൊരുതി കാമ്പസിലെ വിശാലതയിലേക്കെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾ. ഇന്നലെ റഗുലർ ക്ലാസുകൾ ആരംഭിച്ചപ്പോൾ തന്നെ ഭൂരിഭാഗം വിദ്യാർത്ഥികളും കോളേജിലെത്തി. നവാഗതരെ വരവേൽക്കാൽ മൂന്നാം വർഷ വിദ്യാർത്ഥികൾ കോളേജിലെത്തിയിരുന്നു. രണ്ടാം വർഷ വിദ്യാർത്ഥികളും ആദ്യമായാണ് കോളേജിലെ റഗുലർ ക്ലാസിന് എത്തിയത്. മധുരം നൽകിയാണ് വിദ്യാർത്ഥികളെ വരവേറ്റത്.

കൊടി തോരണങ്ങളാൽ മിക്ക കലാലയങ്ങളും അലങ്കരിച്ചിരുന്നു. ഹോസ്റ്റൽ തുറക്കാൻ അനുമതി ലഭിച്ചതിനാൽ മറ്റു ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളും ആദ്യദിനം കാമ്പസിലെത്തി.

ഓൺലൈൻ ക്ലാസുകളും വാട്സ് ആപ്പ് ഗ്രൂപ്പുകളും ഉള്ളതിനാൽ പലരും പരിചിതരാണ്. കൊവിഡ് ഫസ്റ്റ് ഡോസ് വാക്സിൻ എടുത്തവരാണ് വിദ്യാർത്ഥികളേറെയും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ കോളേജിലെത്തിയത്. രാവിലെ 9.30 മുതൽ 3.30 വരെയാണ് ക്ലാസുകൾ നടന്നത്. ഇന്നലെ പരിചയപ്പെടലായിരുന്നു. രണ്ടാംവർഷ വിദ്യാർത്ഥികൾക്കും അവസാനവർഷ വിദ്യാർത്ഥികൾക്കും ഇപ്പോൾ പരീക്ഷ നടക്കുകയാണ്.