തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി പ്രതീക്ഷ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ പത്താമത് വാർഷികവും നവീകരിച്ച ബ്ലഡ് സെന്റർ ഉദ്ഘാടനവും കേന്ദ്രമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. ജനിതക തകരാറ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിലനിറുത്താൻ പുഷ്പഗിരി പ്രതീക്ഷ സി.ഡി.സിയുടെ പ്രവർത്തനത്തിലൂടെ കഴിയുന്നത് ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അതിരൂപതാദ്ധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സി.ഡി.സി പി.ജി ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിംസ് സ്പെക്ട്രം ഡയറക്ടർ ഡോ.എം.കെ.സി നായർ നിർവഹിച്ചു. മാതാപിതാക്കൾക്കായുള്ള ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പിയും ഭിന്നശേഷി കുട്ടികൾക്കായുള്ള സൗജന്യ പരിശോധന ക്യാമ്പുകളുടെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എയും നിർവഹിച്ചു. പ്രതീക്ഷ സി.ഡി.സി സുവനീർ നഗരസഭാ ചെയർപേഴ്സൺ ബിന്ദു ജയകുമാർ പ്രകാശനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, പുഷ്പഗിരി ഇൻസ്‌റ്റിറ്റ്യൂഷൻസ് പ്രിൻസിപ്പൽ അഡ്വൈസർ ജേക്കബ് പുന്നൂസ്, സി.ഇ.ഒ ഫാ.ജോസ് കല്ലുമാലിക്കൽ, അഡ്‌മിനിസ്‌ട്രേറ്റർ ഫാ.തോമസ് പരിയാരത്ത്‌, ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് ജില്ലാ പ്രസിഡന്റ് ഡോ.ജിജോ ജോസഫ്, സി.ഡി.സി ഇൻചാർജ് ഡോ.മഞ്ജു ജോർജ് ഇലഞ്ഞിക്കൽ, പുഷ്പഗിരി ബ്ലഡ് സെന്റർ മേധാവി ഡോ.വി.പി.ശശിധരൻ,എന്നിവർ പങ്കെടുത്തു.