തിരുവല്ല: മണിമലയാറ്റിലെ കുത്തൊഴുക്കിൽ പനയമ്പാല തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത് നെൽകൃഷിക്ക്‌ പ്രതിസന്ധിയായി. കവിയൂർ വാക്കേക്കടവിൽ വെണ്ണീർവിള പാടശേഖരത്തിലെ പ്രധാന ജലസ്രോതസാണിത്. മണലും ചെളിയും അടിഞ്ഞ് മാലിന്യം നിറഞ്ഞിരുന്ന തോട് ആഴംകൂട്ടി അടുത്തകാലത്ത് വൃത്തിയാക്കിയിരുന്നു. ഇരുവശങ്ങളും കരിങ്കൽകെട്ടി ഉയർത്തി സംരക്ഷിച്ചതാണ്. യന്ത്രങ്ങൾ ഉപയോഗിച്ച് മണൽപ്പുറ്റും പുല്ലിൻകൂട്ടവും മാറ്റുന്നതിനിടെ കൽക്കെട്ടിന്റെ ഭാഗങ്ങൾ ഇടിഞ്ഞുവീണത് പ്രശ്നമായി. ഇളകിവീണ കരിങ്കല്ലുകൾ തോട്ടിലെ നീരൊഴുക്കും തടസപ്പെടുത്തി. ഇതിനിടെ മണിമലയാർ നിറഞ്ഞൊഴുകി തോട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തീരങ്ങളുടെ ബാക്കിയും കുത്തിയൊലിച്ചുപോയി. പനയമ്പാല വെണ്ണീർവിള കടന്ന് പെരുംപടിയിലെത്തിയാണ് മണിമലയാറ്റിൽ ചെന്നുചേരുന്നത്. പത്തടിയിലേറെ വീതിയും അത്രതന്നെ താഴ്ചമുള്ള ജലസ്രോതസായിരുന്നു. പലയിടത്തും കൈയേറ്റം നടന്നതിനാൽ നിലവിൽ പഴയവീതിയില്ല. 200ഏക്കറോളം വരുന്ന പാടശേഖരത്തിലെ ജലസേചനത്തിന് ഏകാശ്രയം ഇതാണ്. കർഷകരുടെ ആവശ്യം പരിഗണിച്ച് പെരുംപടിവരെയുള്ള മൂന്നു കിലോമീറ്ററോളം ദൂരത്തിൽ ശുചീകരണത്തിന് തുടക്കമിട്ടിരുന്നു.

പെരുംപടി ഭാഗത്തെ തടസങ്ങൾ നീക്കം ചെയ്യണം

മണലാടിക്കൽ പാലംവരെ വൃത്തിയാക്കിക്കഴിഞ്ഞു. ഇനി പെരുംപടി ഭാഗത്തെ തടസങ്ങളാണ് നീക്കാനുള്ളത്. അതുകൂടി പൂർത്തിയാകുന്ന മുറയ്ക്ക് ചാലുകളും കൈത്തോടുകളും ജലസമ്പന്നമാകും. കാലങ്ങളായി കാലാവസ്ഥ അനുകൂലമായാൽ ഇവിടെ നവംബർ ആദ്യം കൃഷിയിറക്കുകയാണ് പതിവ്.

ആശങ്കയിൽ ക‌ർഷകർ

പ്രളയം കാരണം ഇക്കുറി വൈകും. മുങ്ങിക്കിടക്കുന്ന പാടശേഖരങ്ങളിൽ ഒരുക്കങ്ങൾ നടത്തണമെങ്കിൽ ആഴ്ചകൾ കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ.

കവിയൂർ വാക്കേക്കടവിൽ വെണ്ണീർവിള പാടശേഖരത്തിലെ പ്രധാന ജലസ്രോതസ്

.....................

- 200 ഏക്കറോളം വരുന്ന പാടശേഖരം

- 10 അടി വീതിയും താഴ്ചയുമുള്ള ജല സ്ത്രാതസ്

- പലയിടത്തും കൈയൈറ്റം