26-cgnr-railway-palam
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പേരിശേരി റെയിൽവേ അടിപ്പാതയിൽ ഉണ്ടായ വെള്ളക്കെട്ട്, മാലിന്യം തലയിൽ വീഴാതിരിക്കാൻഅടിപ്പാതയിലൂടെകുടചൂടി നടക്കുന്ന യാത്രക്കാർ

@ പേരിശേരി റെയിൽവേ അടിപ്പാതയിലെ യാത്ര ദുരിതപൂർണം

@ വെള്ളം കെട്ടിക്കിടക്കുന്നു, കോൺക്രീറ്റ് കട്ടകൾ ഇളകി, അപകടം പതിവ്

ചെങ്ങന്നൂർ : ചള്ളവെള്ളം നിറഞ്ഞും കോൺക്രീറ്റ് കട്ടകൾ ഇളകിത്തെറിച്ചും യാത്രക്കാർക്ക് ദുരിതമാവുകയാണ് പേരിശേരി റെയിൽവേ അടിപ്പാത. ശബരിമലയുടെ ഇടത്താവളം എന്നറിയപ്പെടുന്ന തെക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്‌റ്റേഷനാണ് ചെങ്ങന്നൂർ.
സ്റ്റേഷന്റെ പ്‌ളാറ്റ് ഫോമിന് അടിവശത്തുകൂടിയാണ് മാവേലിക്കര -കോഴഞ്ചേരി റോ‌ഡ് (എം.കെ റോഡ്) കടന്നുപോകുന്നത്. പത്ത് മീറ്റർ മാത്രമേ നീളമുളളു അടിപ്പാതയ്ക്ക്. മേൽപ്പാലത്തിൽ നിന്ന് മലിനജലവും മനുഷ്യവിസർജ്യവും താഴേക്ക് ഒലിച്ചിറങ്ങുകയും അടിപ്പാതയിൽ വെളളക്കെട്ട് രൂപപ്പെടുകയും ചെയ്തിട്ട് വർഷങ്ങളായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇതോടെ ഇളകിയ കട്ടകളിൽ ഇരുചക്രവാഹനങ്ങൾ കയറി തെന്നിവീണ് അപകടവും ഉണ്ടാകുന്നു.കഴിഞ്ഞ ദിവസം പേരിശേരി സ്വദേശിനി ജൂലെറ്റിന് തെന്നി വീണ് ഇടതു കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
മലിന ജലവും വെള്ളക്കെട്ടും ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ഇതുവരെ ചെലവാക്കിയത് ലക്ഷക്കണക്കിന് രൂപായാണ്. പക്ഷേ പ്രയോജനമില്ല.

റെയിൽവേ സ്റ്റേഷന് തൊട്ടു തെക്കുവശത്ത് സ്ഥിതിചെയ്യുന്ന പേരിശേരി മേൽപ്പാലത്തിൽ നിന്നുള്ള മലിനജലവും മനുഷ്യവിസർജ്യവും തലയിൽ വീഴാതിരിക്കാൻ കാൽനടയാത്രക്കാർ കുടചൂടിയാണ് നടക്കുന്നത്. മറ്റ് വാഹനങ്ങൾ ഈ സമയം കടന്നു വന്നാൽ മലിനജലത്തിൽ കുളിക്കുമെന്ന് ഉറപ്പാണ്. തുടർച്ചയായി മഴപെയ്തതോടെ ഇതുവഴിയുളള യാത്ര ഏറെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ചെറിയ മഴയിൽ പോലും വെള്ളം മുട്ടോളമുയരും. നിരത്തിൽ കോൺക്രീറ്റ് കട്ടകൾ പാകിയും വശങ്ങളിലെ ഓടയുടെ ദ്വാരം വലുതാക്കിയും പണികൾ ഏറെ നടത്തി. എന്നിട്ടും വെള്ളക്കെട്ട് ഒഴിയുന്നില്ല. കോൺക്രീറ്റ് കട്ടകൾ ഇളകി വലിയ കുഴികൾ അടിപ്പാതയുടെ ഇരുവശത്തും രൂപപ്പെട്ടിട്ടുണ്ട്.

പാതയിലൂടെ ടെലിഫോൺ കേബിളുകൾ സുരക്ഷിതമായി കടന്നു പോകാൻ കോൺക്രീറ്റ് ബോക്‌സ് നിർമ്മിച്ചിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതുകുറച്ച് പൊളിച്ചെങ്കിലും വിജയിച്ചില്ല. അടിപ്പാത റോഡ് നിരപ്പാക്കി സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടാൻ അഞ്ചു വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. റെയിൽവേയുടെ അനുമതി തേടി കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.

യോജിച്ച പദ്ധതി വേണം

റെയിൽപാളം താങ്ങി നിറുത്തുന്ന തൂണുകളുടെ സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കു. അതിനാൽ അടിപ്പാതയിലെ നിർമ്മാണത്തിന് റെയിൽവേയുടെ അനുമതി നിർബന്ധമാണ്. റെയിൽവേയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും എൻജിനീയറിംഗ് വിഭാഗങ്ങൾ ചേർന്ന് പദ്ധതി തയ്യാറാക്കി നടപ്പാക്കിയാൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.