മരണം പീഡനത്തിനിടെ
പത്തനംതിട്ട: മല്ലപ്പള്ളി കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ വീട്ടിൽ ടിഞ്ചു മൈക്കിൾ (26) നെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നസീർ (നെയ്‌മോൻ -39) നെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി ജെ. ഉമേഷ് കുമാർ അറസ്റ്റുചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 2019 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന ടിഞ്ചു ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനായ ടിജിൻ ജോസഫിനൊപ്പം താമസിക്കുകയായിരുന്നു .
തടിക്കച്ചവടക്കാരനും അയൽവാസിയുമായ നസീർ ടിജിന്റെ പിതാവിന്റെ പരിചയക്കാരനാണ്.
സംഭവദിവസം ടിജിനും പിതാവും പുറത്തു പോയിരിക്കുകയായിരുന്നു. ടിഞ്ചു മാത്രമായിരുന്നു വീട്ടിൽ.
ഇൗ സമയം എത്തിയ നസീർ കിടപ്പുമുറിയിൽ വച്ച് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കവേ കട്ടിലിൽ തല ഇടിച്ച് ടിഞ്ചു അബോധാവസ്ഥയിലായി. തുടർന്ന് ക്രൂരമായി പീഡിപ്പിച്ച ശേഷം മൃതദേഹം മുറിയുടെ മേൽക്കൂരയിലെ ഇരുമ്പ് ഹുക്കിൽ കെട്ടിത്തൂക്കി നസീർ കടന്നു.
ടിജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്ന് പെരുമ്പെട്ടി എസ്.ഐ ആയിരുന്ന ഷെരീഫ് കുമാറാണ് കേസ് അന്വേഷിച്ചത്. തൂങ്ങിമരണം എന്ന നിലയ്ക്കായിരുന്നു ലോക്കൽ പൊലീസിന്റെ അന്വേഷണം. ദൂരൂഹത ആരോപിച്ച് പരാതികൾ ഉയർന്നതോടെ ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. അന്നത്തെ ക്രൈം ബ്രാഞ്ച് ഡിവൈ. എസ്.പിയും നിലവിൽ തിരുവനന്തപുരം കൺട്രോൾ റൂം എ.സി.പി യുമായ ആർ. പ്രതാപൻ നായർ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ലൈംഗിക പീഡനവും കൊലപാതകവും നടന്നതായി കണ്ടെത്തിയത്.
ടിഞ്ചുവിന്റെ ശരീരത്തിൽ അമ്പതിലധികം മുറിവുകൾ കണ്ടെത്തിയിരുന്നു.
മൃതദേഹത്തിലെ നഖത്തിൽ നിന്നു ലഭിച്ച രക്തസാമ്പിളാണ് തുമ്പായത്.
മികവുറ്റ അന്വേഷണം
മരണം സംഭവിക്കുന്നതിനു മുമ്പ് ടിഞ്ചുവിന്റെ വീടിന് സമീപം സാന്നിദ്ധ്യം സംശയിക്കപ്പെട്ട മൂന്നുപേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം .അവരെ തുടർച്ചയായി ചോദ്യം ചെയ്തു. മൃതദേഹത്തിലെ നഖങ്ങളിൽ കണ്ടെത്തിയ രക്തം നസീറിന്റെ രക്തസാമ്പിളുമായി സാമ്യമുണ്ടെന്ന് കണ്ടതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെ കിടപ്പുമുറിയിൽ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. മാസങ്ങളോളം പെരുമ്പെട്ടിയിലും പരിസരങ്ങളിലും ക്രൈം ബ്രാഞ്ച് സംഘം താമസിച്ചായിരുന്നു അന്വേഷണം. അന്വേഷണ സംഘത്തിൽ അതതു കാലത്തെ ഡി വൈ എസ് പി മാരായ ആർ സുധാകരൻ പിള്ള, ആർ പ്രതാപൻ നായർ, വി.ജെ. ജോഫി, ജെ. ഉമേഷ് കുമാർ, എസ്. ഐ മാരായ സുജാതൻ പിള്ള,അനിൽകുമാർ, ശ്യാംലാൽ, എ.എസ്.ഐ അൻസുദീൻ, എസ്.സി.പി.ഒ മാരായ സന്തോഷ്, യൂസഫ് കുട്ടി തുടങ്ങിയവരുണ്ടായിരുന്നു.
ദൃക്‌സാക്ഷികൾ ആരുമില്ലാതിരുന്ന കേസിൽ, ശാസ്ത്രീയ തെളിവുകളിലൂടെ തുമ്പുണ്ടാക്കിയ അന്വേഷണസംഘം കാട്ടിയത് കുറ്റമറ്റതും ഉയർന്ന തലത്തിലുള്ള പ്രൊഫഷണലിസമാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി പറഞ്ഞു. .