പത്തനം​തിട്ട : എ​സ്.എൻ.ഡി.പി യോഗം 86​-ാം നമ്പർ ടൗൺ ശാഖയിലെ അഴൂർ കൊടുന്തറ പ്രദേശിക സമിതിയംഗം സി .കെ. ശിവൻകുട്ടിയുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയ സാമൂഹിക വിരുദ്ധർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മകൾ ശ്യാമ ശിവനെയും മാതാപിതാക്കളെയും വകവരുത്തുമെന്നു പറഞ്ഞ അക്രമികൾ അസഭ്യവർഷം നടത്തി. അയൽവാസികൾ ഓടിക്കൂടിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ ശ്യാമ ശിവൻ എസ്.എൻ.ഡി.പിയുടെ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. വ്യക്തിപരമായോ കുടുംബപരമായോ അക്രമികളുമായി യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു.
സംഭവത്തിൽ അഴൂർ കൊടുന്തറ പ്രദേശിക സമിതി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടു. അന്വേഷണത്തിൽ പൊലീസ് നിസംഗത പാലിച്ചാൽ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകാൻ യോഗം തീരുമാനിച്ചു..
യോഗത്തിൽ പ്രസിഡന്റ് കെ.ആർ.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജപ്പൻ വൈദ്യൻ,വൈസ് പ്രസിഡന്റ് എം. ടി. രാജാഭാസ്, ജോയിന്റ് സെക്രട്ടറി എം. റ്റി .ഷാജി, പി. ജി. ഓമനക്കുട്ടൻ, എ ബിജു, ജൂലി രാജീവ്​, തുടങ്ങിയവർ പങ്കെടുത്തു.