kurumban-moozhi

റാന്നി: വെള്ളപ്പൊക്കത്തിന് പിന്നാലെ തുടരെയുള്ള മണ്ണിടിച്ചിലും ഉരുൾപൊട്ടലും കുരുമ്പൻമൂഴി നിവാസികളുടെ ഉറക്കംകെടുത്തുകയാണ്. കഴിഞ്ഞ ശനിയാഴ്ച കുരുമ്പൻമൂഴി പനംകുടന്ത അരുവിക്ക് സമീപത്തായി ഉരുൾപൊട്ടിയത് മുതൽ പ്രകൃതിയുടെ കലി അടങ്ങിയിട്ടില്ല. ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശവും വീടുകൾക്ക് കേടുപാടുകളും ഉണ്ടായി.

വനത്തിനോട് ചേർന്നുള്ള പ്രദേശമായതിനാൽ വന്യജീവികളുടെ ആക്രമണവും കൃഷിനാശവും കൊണ്ട് പൊറുതിമുട്ടിയിരുന്ന ജനങ്ങൾക്ക് മരണത്തെ മുന്നിൽകണ്ട് ജീവിക്കണ്ടേ അവസ്ഥയാണിപ്പോൾ. കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയ സ്ഥലത്തുനിന്ന് രാത്രിയിൽതന്നെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഇരുപതോളംപേർ ഇപ്പോഴും ക്യാമ്പുകളിൽ തുടരുമ്പോഴാണ് വീണ്ടും അതെസ്ഥലത്ത് ഉരുൾപൊട്ടിയത്.

മഴ മാറി ഉരുൾപൊട്ടൽ ഭീഷണി മാറിയാലും വീടുകളിലേക്ക് തിരിച്ചെത്തുന്ന പലരെയും കാത്തിരിക്കുന്നത് ദുരിതങ്ങൾ മാത്രമാണ്. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവരും കൃഷിയിടങ്ങൾ നഷ്ടപ്പെട്ട് പോയവരും ഇക്കൂട്ടത്തിലുണ്ട്. പലരുടെയും പറമ്പുകളിൽ കൂറ്റൻ പാറകളും മറ്റും വന്നടിഞ്ഞിരിക്കുകയാണ്. ടാപ്പിംഗ് ചെയ്തിരുന്ന റബ്ബർ മരങ്ങൾ ഉൾപ്പടെ കടപുഴകി ഒലിച്ചു പോയത് പലരുടെയും വരുമാനമാണ് ഇല്ലാതാക്കിയത്.

കോസ് വേ മുങ്ങിയാൽ ഒറ്റപ്പെടും

പമ്പയാറിൽ വെള്ളമുയരുമ്പോൾ പ്രധാന പാതയിലെ കോസ്‌വേ മുങ്ങിയാൽ കുരുമ്പൻമൂഴി ഒറ്റപ്പെടും. പിന്നീട് ദിവസങ്ങളോളം വനത്താൽ ചുറ്റപ്പെട്ട ഗ്രാമത്തിലെ ജനങ്ങൾ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത ദുരിത യാതനകളാണ്. കോസ് വേയിൽ വെള്ളം കയറുന്ന സമയം ആർക്കെങ്കിലും ഒരു അത്യാഹിതം സംഭവിച്ചാൽ പ്രദേശത്തുനിന്ന് ആശുപത്രിയിൽ എത്തുന്ന കാര്യം ചിന്തിക്കാൻ പോലുമാകില്ല. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഒരാഴ്ചയോളം കോസ്‌വേ വെള്ളത്തിനടിയിലായിരുന്നു.