തെങ്ങമം:സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥി സമൂഹവും പൊതുസമൂഹവും ഏറ്റവും കൂടുതൽ ജാഗ്രത പുലർത്തേണ്ടത് ലഹരി മാഫിയയ്ക്കെതിരെയാണെന്ന് മുൻ ഡി .ജി. പി ഋഷിരാജ് സിംഗ് പറഞ്ഞു. കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ പവിഴജൂബിലി ആഘോഷമായ സഫലം @ 35 ന്റെ ഭാഗമായി തെങ്ങമം ഗവ ഹയർസെക്കൻഡറി സ്‌കൂളുമായി സഹകരിച്ച്‌ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ജീവിതമാണ് ലഹരി എന്ന വെബിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമാഫിയ ഇന്ന് ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നത് സെക്കൻഡറി തല വിദ്യാർത്ഥികളെയാണ്.അതുകൊണ്ടുതന്നെ ലഹരിയുടെ ലോകത്തിലേക്ക് വിദ്യാർത്ഥികൾ എത്താതിരിക്കണമെങ്കിൽ സമൂഹത്തിന്റെ കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി. കെ. മധു ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പി റ്റി എ പ്രസിഡന്റ് വിജയകുമാർ.ബി, പ്രിൻസിപ്പൽ ബിന്ദു.ഡി, പ്രഥമാദ്ധ്യാപകൻ റ്റി. പി. രാധാകൃഷ്ണൻ, ബ്രദേഴ്‌സ് സെക്രട്ടറി ജയകുമാർ. പി,ട്രഷറർ വിമൽ കുമാർ. എസ്, എസ്. എം. സി ചെയർമാൻ രവീന്ദ്രൻ പിള്ള .വി, എസ് പി സി പി റ്റി എ പ്രസിഡന്റ് രാജു. ബി എന്നിവർ പ്രസംഗിച്ചു.