werehouse
കളക്ടറേറ്റ് വളപ്പിൽ നിർമ്മാണം പുരോഗമിക്കുന്ന ഇലക്ഷൻ കമ്മീഷൻ വെയർ ഹൗസ്

പത്തനംതിട്ട : വോട്ടിംഗ് സാമഗ്രികൾ സൂക്ഷിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ജില്ലയിൽ പുതിയ വെയർഹൗസ്. ഇതുവരെ അഴൂരിലെ വാടക കെട്ടിടത്തിലാണ് വെയർഹൗസ് പ്രവർത്തിച്ചിരുന്നത്. കളക്ടറേറ്റ് വളപ്പിലാണ് പുതിയ കെട്ടിടം. മൂന്ന് നില കെട്ടിടത്തിൽ നിലവിലുള്ള വോട്ടിംഗ് സാമഗ്രികളുടെ രണ്ട് മടങ്ങ് സൂക്ഷിക്കാം എന്നതാണ് പ്രത്യേകത. വരും വർഷങ്ങളിൽ മണ്ഡലത്തിന്റെ എണ്ണം കൂട്ടിയാലും വോട്ടിംഗ് സാമഗ്രികൾ സൂക്ഷിക്കാനുള്ള സ്ഥലസൗകര്യം ഇവിടെയുണ്ടാകും. ഓരോ റാക്കിലാണ് സാധനങ്ങൾ ക്രമീകരിക്കുക. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേയും വോട്ടിംഗ് ഉപകരണങ്ങൾ ഇവിടെയാണ് സൂക്ഷിക്കുക. നാല് ലക്ഷത്തിനടുത്താണ് എസ്റ്റിമേറ്റ് തുക. പി.ഡബ്യൂ.ഡി ബിൽഡിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. സെക്യുരിറ്റി മുറി, ഫസ്റ്റ് ലെവൽ ചെക്കിംഗ് സൗകര്യം എന്നിവയും ഇവിടെയുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലയിലും വെയർഹൗസ് കെട്ടിടം പണി നടക്കുകയാണ്. കളക്ടറേറ്റ് വളപ്പിൽ നിലവിലുള്ള കെട്ടിടത്തിന്റേയും പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെയും സമീപത്താണ് വെയർ ഹൗസ്.

ചെലവ് : 3.99 കോടി

പണി പൂർത്തീകരിക്കാൻ 18 മാസം

2020 ജൂണിലാണ് വെയർഹൗസ് നിർമ്മാണം ആരംഭിച്ചത്. പതിനെട്ട് മാസമായിരുന്നു നിർമ്മാണ കാലാവധി. നവംബറിലാണ് കാലാവധി അവസാനിക്കുന്നത്. കൊവിഡ് കേസുകൾ വർദ്ധിക്കുകയും ലോക്ക് ഡൗൺ പ്രതിസന്ധിയുണ്ടാവുകയും ചെയ്തതോടെ കളക്ടറുടെ പ്രത്യേക അനുമതിയിലാണ് പണി നടന്നത്. എന്നിട്ടും ഇടയ്ക്ക് നേരിയ തടസമുണ്ടായി. ഇപ്പോൾ മൂന്ന് നില കെട്ടിടം പണി ഏകദേശം പൂർത്തിയായി, പാർട്ടീഷൻ ജോലികൾ നടന്ന് വരികയാണ്. വൈദ്യുതീകരണവും തുടങ്ങിയിട്ടുണ്ട്. ലിഫ്റ്റും ക്രമീകരിച്ചിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസ് കളക്ടറേറ്റിലാണ് പ്രവർത്തിക്കുക. ജനുവരിയോടെ പണി പൂർത്തീകരിക്കാനാണ് ശ്രമം നടക്കുന്നത്.

" വേഗത്തിലാണ് പണി പുരോഗമിക്കുന്നത്. നിലവിലുള്ളതിനേക്കാൾ ഇരട്ടിയിലധികം സാധന സാമഗ്രികൾ ഇവിടെ സൂക്ഷിക്കാനാകും. ജനുവരിയിൽ പണി പൂർത്തിയാകും.

പി.ഡബ്യൂ.ഡി അധികൃതർ