കോന്നി: കോന്നി ആനത്താവളത്തിന് സമീപത്തുള്ള പൊന്തനാംകുഴി നിവാസികളുടെ പുനരധിവാസത്തിന് നടപടികൾ നീണ്ടുപോകുന്നതിൽനാൽ കോളനി നിവാസികൾ ആശങ്കയിൽ. 2019 ഒക്ടോബർ 21ന് കനത്തമഴയിൽ കോളനിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് അന്ന് പ്രദേശത്തെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. തുടർന്ന് പലതവണയുണ്ടായ മഴക്കെടുതികളിലും ഇവിടുത്തെ ജനങ്ങളെ മാറ്റി പാർപ്പിക്കുകയായിരുന്നു. അടിക്കടിയുണ്ടാവുന്ന മഴക്കെടുതികളും, ഉരുൾ പൊട്ടലും പ്രദേശവാസികളെ കൂടുതൽ ഭയപ്പെടുത്തുകയാണ്. ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ പൊന്തനംകുഴിയിലെ പലവീടുകളും അപകട ഭീഷണയിലാണെന്നും ഇവിടം വാസയോഗ്യമല്ലന്നും ജില്ലാ കളക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു.
10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു, നടപടികൾ ഇഴയുന്നു
കോളനിയിലെ 31 കുടുംബങ്ങൾക്ക് പുറത്തു ഭൂമി വാങ്ങാനായി പത്തു ലക്ഷം രൂപ വീതം നൽകാനായി സർക്കാർ പൊന്തനാംകുഴി പാക്കേജ് നടപ്പാക്കാൻ പദ്ധതി തയാറാക്കിയിരുന്നു. ഇതിന്റെ നടപടികൾ വൈകുന്നതിനാൽ പ്രദേശത്തെ പല കുടുംബങ്ങളും ആശങ്കയിലാണ്.
കനത്തമഴയും മണ്ണിടിച്ചിലും
കഴിഞ്ഞ മഴക്കെടുതിയിൽ റവന്യു വകുപ്പ് തയാറാക്കിയ ദുരന്ത സാദ്ധ്യത കൂടുതലുള്ള കോന്നി താലൂക്കിലെ 20 പ്രദേശങ്ങളിൽ പ്രധാനപ്പെട്ടത് പൊന്തനാംകുഴിയാണ്. ഇവിടുത്തെ 21 കുടുംബങ്ങൾ താമസിക്കുന്നത് അപകടകരമായ അവസ്ഥയിലാണ്. തട്ട് പാറകൾക്കു മുകളിലുള്ള മണ്ണ് നിറഞ്ഞ ചരിഞ്ഞ പ്രദേശത്താണ് കോളനി നിവാസികൾ താമസിക്കുന്നത്. കനത്ത മഴ പെയ്യുമ്പോൾ ഇവിടെ മണ്ണിടിച്ചിലുണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. ഇവിടുത്തെ ഭൂരിപക്ഷം കുടുംബങ്ങൾക്കും കോളനിയിൽ അഞ്ചു സെന്റ് വീതം സ്ഥലമേയുള്ളു. 2019 ലെ മണ്ണിടിച്ചിലിനു ശേഷം മഴ പെയ്താൽ കോളനിയിലെ പലകുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലാകും.മഴ മാറുമ്പോൾ വീണ്ടും കോളനിയിലെത്തും. ഇതാണ് അവസ്ഥ . ഇവിടുത്തെ 21 കുടുംബങ്ങളാണ് ദുരന്ത മുഖത്ത് കഴിയുന്നത്.
ധനസഹായം നൽകുന്നില്ല
2019 ൽ ദുരിതബാധിതരായ ആളുകൾക്ക് നാശനഷ്ടത്തിന്റെ അടിസ്ഥാനത്തിൽ ധനസഹായംചെയ്യാമെന്ന സർക്കാർ നിർദേശവും പ്രദേശവാസികൾ അംഗീകരിക്കാൻ തയാറായില്ല. ഒട്ടും സുരക്ഷിതരല്ലാതെ കഴിയുന്ന അഞ്ച് കുടുംബങ്ങളാണ് പൊന്താനംകുഴിയിലുള്ളത്.
- മണ്ണിച്ചിലിന് സാദ്ധ്യത ഏറെ
-21 കുടുംബങ്ങൾ അപകടത്തിൽ