പത്തനംതിട്ട: അർദ്ധരാത്രിയിൽ വീടിന്റെ അടുക്കള വാതിൽ പൊളിച്ച് അതിക്രമിച്ചുകയറി ഏനാത്ത് സ്വദേശിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പട്ടാഴി വടക്കേക്കര മഞ്ചാടിമുക്ക് സിജോ ഭവനിൽ സിജോ രാജുവിന് (30) പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി തടവും പിഴയും വിധിച്ചു.
അതിക്രമിച്ചു കടന്നതിന് 5 വർഷം തടവും 40,000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് 2 വർഷം തടവും 20,000 രൂപ പിഴയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ചതിന് 3 വർഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. പ്രതിക്ക് തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ഏറ്റവും കൂടിയ തടവുശിക്ഷയായ അഞ്ച് വർഷം ജയിൽവാസം അനുഭവിക്കണം. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവിൽ കഴിയണം. പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി ജയകുമാർ ജോണിന്റേതാണ് വിധി. 2016 ലാണ് കേസിന് ആസ്പദമായ സംഭവം. രാത്രി ഉറങ്ങാൻ അമ്മയോടൊപ്പം കിടന്നതായിരുന്നു പെൺകുട്ടി. അർദ്ധരാത്രിയോടെ ആരോ ശരീരത്ത് പിടിക്കുന്നത് മനസിലാക്കി ഞെട്ടിയുണർന്നപ്പോൾ പ്രതി കട്ടിലിൽ ഇരിക്കുന്നതായി കണ്ടു. മകളും അമ്മയും ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതി അയാളുടെ കടമ്പനാട്ടുള്ള സുഹൃത്തിന്റെ വീട് സന്ദർശിച്ച ദിവസമായിരുന്നു സംഭവം . പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്‌സൺ മാത്യൂസ് ഹാജരായി.