1
നേരത്തെ നൽകിയ വാർത്ത കട്ടിംഗ്

തെങ്ങമം :പള്ളിക്കലിൽ സ്മാർട്ട് വില്ലേജ് ഒാഫീസിനായി പണിത കെട്ടിടം 30 ന് വൈകിട്ട് 4 ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കെട്ടിട നിർമ്മാണം പൂർത്തിയായി നാല് വർഷങ്ങൾക്കു ശേഷമാണ് ഉദ്ഘാടനം . നിലവിലെ വില്ലേജ് ഒാഫീസിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയും പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടാത്തത് സംബന്ധിച്ചും കേരള കൗമുദി നിരന്തരം വാർത്തകൾ നൽകിയതിനെ തുടർന്ന് കഴിഞ്ഞ മാസം 10 ന് ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ വില്ലേജ് ഒാഫീസ് സന്ദർശിച്ച് റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. അടൂർ താലൂക്കിൽ പള്ളിക്കൽ, ഏനാത്ത്, കുരമ്പാല, പന്തളം, തുമ്പമൺ വില്ലേജ് ഒാഫീസുകളാണ് സ്മാർട്ട് വില്ലേജ് ഒാഫീസുകളായി ഉയർത്താൻ തീരുമാനിച്ചത്. ഇതിനായുള്ള കെട്ടിടം പണിതീർന്ന ഉടൻ തന്നെ പള്ളിക്കലൊഴികെ ബാക്കിയെല്ലായിടത്തും ഉദ്ഘാടനം നടത്തി പ്രവർത്തനവും ആരംഭിച്ചു . വെള്ളം, വൈദ്യുതി, ഫർണിച്ചർ തുടങ്ങിയവ ഇല്ലാത്തതിനാലാണ് പ്രവർത്തനം വൈകുന്നതെന്നാണ് അധികൃതർ പറഞ്ഞത്. നിലവിലുള്ള കെട്ടിടത്തിൽ നിന്ന് വൈദ്യുതി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാബിന്റെ പണി തൊണ്ണൂറ് ശതമാനവും പൂർത്തിയാക്കി. കസേരകൾ റവന്യൂ വകുപ്പ് സിഡ്കോയിൽ നിന്ന് വാങ്ങി. എന്നാൽ വെള്ളത്തിന് ഇനിയും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. സമീപത്തെ റോഡിൽ നാല് വർഷം മുമ്പ് പണി നടക്കുന്നതിനായി റോഡ് വെട്ടിമുറിച്ചപ്പോൾ പൈപ്പ് പൊട്ടിയതാണ്. കിണറുമില്ല. തത്കാലം അടുത്ത വീട്ടിൽ നിന്ന് വെള്ളമെടുക്കാനാണ് തീരുമാനം. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചെയർമാനായും തഹസിൽദാർ ജോൺ സാം കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് അംഗം സുശീല കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു.

അതേസമയം ഉദ്ഘാടനം മാറ്റി വയ്ക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. സി.പി.എം. പള്ളിക്കൽ ലോക്കൽ സമ്മേളനം 30 നും തെങ്ങമം ലോക്കൽ സമ്മേളനം 31നും നടക്കുകയാണ്. തങ്ങൾക്കു കൂടി സ്വീകാര്യമായ മറ്റൊരു ദിവസം ഉദ്ഘാടനം നടത്തണമെന്നാണ് ആവശ്യം.