അടൂർ : അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റാൻ നടപടിയില്ല. പതിനാലാംമൈൽ ജംഗ്ഷന് പടിഞ്ഞാറ് പീടികയിൽ പടിക്ക് സമീപത്ത് നിൽക്കുന്ന വലിയ മഹാഗണിമരത്തിന്റെ ചുവട്ഭാഗത്തിന്റെ ഒരുവശം പൂർണമായും ദ്രവിച്ച് ഉണങ്ങി നിൽക്കുകയാണ്. ശക്തമായ കാറ്റടിച്ചാൽ വൻ ദുരന്തത്തിന് ഇടയാക്കുമെന്ന് പരിസരവാസികൾ പറയുന്നു. പരിസര വാസികളും കാൽനടയാത്രക്കാരും ഇതോടെ ഭീതിയിലാണ്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകിയെങ്കിലും യാതൊരു നടപടിയും ഇല്ല. പരാതിയെ തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ എത്തി അപകടസ്ഥിതി ബോദ്ധ്യമായെങ്കിലും നടപടിയില്ല. ഇതിനെ തുടർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന മരം അടിയന്തരമായി മുറിച്ചുമാറ്റാൻ ഉത്തരവ് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആർ.ഡി.ഒയ്ക്ക് വീണ്ടും പരാതി നൽകി. കെ.പി റോഡിൽ ഹൈസ്കൂൾ ജംഗ്ഷൻ മുതൽ പഴകുളം വരെയുള്ള ഭാഗത്തെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള മരചചില്ലകളാണ് മുറിച്ചുമാറ്റുന്നത്. അപ്പോഴും മൂട് ദ്രവിച്ചുനിൽക്കുന്ന പലമരങ്ങളുമുണ്ട്. പലപ്പോഴും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിച്ച് കത്തിച്ചതോടെയാണ് പലമരങ്ങളും ദുർബലാവസ്ഥയിലായത്. ഒപ്പം അടിവേരുകൾ ഇല്ലാതെ നിൽക്കുന്ന മരങ്ങളും ഏറെയുണ്ട്. ഇത്തരം മരങ്ങൾസമയബന്ധിതമായി മുറിച്ചു മാറ്റിയില്ലെങ്കിൽ വീണ്ടും അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്.