ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറിയുടെ നടപടികൾക്കെതിരെ സ്വതന്ത്ര കൗൺസിലർ അനശ്ചിതകാല ഉപവാസ സമരം തുടങ്ങി. നഗരസഭ ആറാം വാർഡ് കൗൺസിലർ ജോസാണ് സെക്രട്ടറിയുടെ ക്യാബിനു മുന്നിൽ സമരം ആരംഭിച്ചത്. അഗതിമന്ദിരം ഉടൻ തുറന്നുപ്രവർത്തിക്കുക, സെക്രട്ടറിയുടെ ഏകാധിപത്യ നടപടികൾ അവസാനിപ്പിക്കുക, വികസന ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കാനുളള ശ്രമം അവസാനിപ്പിക്കുക, മിനിട്സ് യഥാസമയം വിതരണം ചെയ്യുക, നഗരസഭ കൗൺസിലിനെതിരെയുള്ള വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത് . മുൻ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ റിജോ ജോൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്, വൈസ്ചെയർമാൻ ഗോപു പുത്തൻമഠത്തിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷേർലി രാജൻ, ഓമന വർഗീസ്, പി.ഡി. മോഹനൻ, കൗൺസിലർമാരായ രാജൻ കണ്ണാട്ട്, ശോഭാ വർഗീസ്, സൂസമ്മ ഏബ്രഹാം, അശോക് പടിപ്പുരയ്ക്കൽ, മനീഷ് കീഴാമഠത്തിൽ, ബി. ശരത് ചന്ദ്രൻ, മിനി സജൻ, അർച്ചന കെ.ഗോപി, ടി. കുമാരി എന്നിവർ പ്രസംഗിച്ചു
.
സെക്രട്ടറിയുടെ ആരോപണം ജാള്യത മറയ്ക്കാൻ: ഷിബുരാജൻ
ചെങ്ങന്നൂർ: നഗരസഭാ അഗതിമന്ദിരത്തിനെതിരെ സെക്രട്ടറി പുതിയ ആരോപണങ്ങളുമായി രംഗത്തുവരുന്നത് ജാള്യത മറയ്ക്കാനാണെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബുരാജൻ പറഞ്ഞു. മുൻ യുഡിഎഫ്. ഭരണകാലത്ത് നടന്ന പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്നതിനാണ് സെക്രട്ടറി ശ്രമിക്കുന്നത്. അഗതിമന്ദിരത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കൗൺസിൽ യോഗത്തിൽ തെളിയിച്ചപ്പോഴുണ്ടായ ജാള്യത മറയ്ക്കാനാണ് സെക്രട്ടറി പുതിയ ആരോപണവുമായി രംഗത്തു വന്നത്. ആസ്തികൾ സംരക്ഷിക്കേണ്ടതും നിയമപരമായ വീഴ്ചയുണ്ടെങ്കിൽ അത് തിരുത്തേണ്ടതുമായ ഉദ്യോഗസ്ഥനാണ് നഗരസഭാ സെക്രട്ടറി. അതിനു പകരം നഗരസഭയുടെ ആസ്തികൾ നശിപ്പിക്കുന്നതിനും മുൻകാല സെക്രട്ടറിമാരടക്കമുള്ള ഉദ്യോഗസ്ഥർക്കും കൗൺസിലർമാർക്കും നിയമമറിയില്ല എന്ന രീതിയിൽ ആരോപണം ഉന്നയിക്കുന്നതും ലജ്ജാകരമാണ്. ഡേറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കപ്പെട്ട 20 സെന്റ് സ്ഥലത്ത് അഗതിമന്ദിരം നിർമ്മിച്ചതിൽ ഒരു നിയമ പ്രശനവുമില്ലെന്ന് അറിയാവുന്ന സെക്രട്ടറി ആർക്കെതിരെയാണ് പരാതി ഉന്നയിക്കുന്നത്. പുതിയ വിവാദങ്ങൾ ഉണ്ടാക്കി കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധ തിരിച്ച് ഭരണ സ്തംഭനം ഉണ്ടാക്കാനുള്ള ശ്രമമാണ് സെക്രട്ടറി നടത്തുന്നതെന്നും കെ.ഷിബുരാജൻ പറഞ്ഞു.