ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി. ആറാട്ട് വെള്ളിയാഴ്ച രാവിലെ 7.30ന് പമ്പാനദിയിലെ മിത്രപ്പുഴ കടവിൽ നടക്കും. മലയാളവർഷത്തിലെ മൂന്നാമത്തെ തൃപ്പൂത്താണിത്. ചടങ്ങുകൾക്ക് താഴമൺ തന്ത്രി കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
കൊവിഡ് സാഹചര്യത്തിൽ ആന എഴുന്നെള്ളത്ത് ഉണ്ടാകില്ല. ആറാട്ടുകടവിലെയും ആറാട്ടെഴുന്നള്ളത്ത് കടന്നുവരുന്ന വഴികളിലെയും കിഴക്കേ ആനക്കൊട്ടിലിലെയും നിറപറ, താലപ്പൊലി വഴിപാടുകളും ഒഴിവാക്കിയിട്ടുണ്ട്. അന്നദാനം, ലഘുഭക്ഷണ വിതരണം, ശുദ്ധജല വിതരണം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ആറാട്ടു ഘോഷയാത്ര മതിലകത്ത് പ്രവേശിക്കുമ്പോൾ പരിവാരസമേതനായി എഴുന്നെള്ളിയ ശ്രീപരമേശ്വരൻ ദേവിയെ സ്വീകരിക്കും. തുടർന്ന് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർക്ക് മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്താം. പ്രദക്ഷിണം പൂർത്തിയാക്കി ശ്രീകോവിലിലേക്ക് ആനയിക്കും. തുടർന്ന് ഇരുനടകളിലും കളഭാഭിഷേകവും വിശേഷാൽപൂജകളും നടക്കും.
ആറാട്ടുദിവസം മുതൽ 12 ദിവസം ക്ഷേത്രത്തിലെ വിശേഷാൽ വഴിപാടായ ഹരിദ്രപുഷ്പാഞ്ജലി നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ വി.ജി. പ്രകാശ് അറിയിച്ചു.