പന്തളം : ഓരോ പ്രളയവും ആറ്റുതീര നിവാസികളുടെ മനസിൽ നൊമ്പരമാണ്. തീരമെടുത്ത പുഴ വീടിനടുത്തെത്താറായ സ്ഥിതിയാണ് അച്ചൻകോവിലാറിന്റെ പലഭാഗത്തുമുള്ളത്. കുളനട പഞ്ചായത്തിലെ കൈപ്പുഴ, അമ്പലക്കടവ്, ഞെട്ടൂർ ഭാഗത്താണ് ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ആറ് വളരെയധികം തീരം കവർന്നെടുത്തത്. അമ്പലക്കടവിലും കൈപ്പുഴയിലും ഞെട്ടൂരും വീടുകൾ പലതും അപകടഭീഷണിയിലാണ്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞ് തീരത്തുനിന്ന് അടർന്നുമാറിയ ഫലവൃക്ഷങ്ങളും മുളങ്കൂട്ടവും ഇപ്പോൾ ആറിന് നടുവിലായി. കുത്തൊഴുക്കിൽ അടിവാരത്തുള്ള ദുർബലമായ മണ്ണ് ഒലിച്ചുപോകുന്നതാണ് കൂടുതൽ ഇടിയാൻ കാരണം. വർഷങ്ങൾക്കുമുമ്പുണ്ടായ മണൽവാരലാണ് ഓരോ വെള്ളപ്പൊക്കത്തിലും തീരമിടിച്ചിലിന് കാരണമാകുന്നത്.
കോന്നിമുതൽ ഐരാണിക്കുടിവരെ നാശം
കോന്നി മുതൽ ജില്ലാ അതിർത്തിയായ ഐരാണിക്കുടിവരെയുള്ള ഭാഗത്തെ ഏക്കറുകണക്കിന് ആറ്റുതീരവും കുളിക്കടവുകളും തീരത്തുനിന്ന മരങ്ങളുമാണ് പ്രളയത്തിൽ നഷ്ടമായത്. പന്തളം നഗരസഭാ പ്രദേശത്തും കുളനട, തുമ്പമൺ, ചെന്നീർക്കര പഞ്ചായത്തിലുള്ള പ്രദേശവുമാണ് കൂടുതൽ ഇടിയുന്നത്. തോട്ടക്കോണം, മുടിയൂർക്കോണം, മുളമ്പുഴ ഭാഗത്ത് കുളിക്കടവുകളും ക്ഷേത്രക്കടവുകളുംവരെ ഭീഷണിയിലാണ്.
പന്തളം വലിയപാലവും അപകടത്തിൽ
പന്തളം വലിയപാലത്തിന്റെ തൂണിനോടുചേർന്നുള്ള ഭാഗം അടർന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. ഇവിടെനിന്ന് മുളയും വെള്ളത്തിലേക്ക് വീണുകിടക്കുന്നു. അമ്പലക്കടവ് പാലത്തിന് താഴ്ഭാഗംമുതൽ കരാഞ്ചേരിൽ ഭാഗംവരെ ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. തുമ്പമൺ ചെറുതുരുത്തിൽ സി.ജി.മുരളീധരൻപിള്ള, അമ്പലക്കടവ് തോട്ടത്തിൽമഠം മോഹനൻ നമ്പൂതിരി, തോട്ടത്തിൽ ഹരിശ്ചന്ദ്രൻ നായർ,ഹരിമംഗലത്ത് ഗോപാലകൃഷ്ണപിള്ള, കല്ലൂർക്കാട്ട് ഭാസ്‌കരൻപിള്ള, കാവിൽ സുബ്രഹ്മണ്യൻ, മന്മഥൻ നായർ എന്നിവരുടെയും മണ്ണാരേത്ത്, കുഴിക്കാട്ടിൽ, മണ്ണുവീട്, തേവർതോട്ടം കാവ് എന്നിവരുടെയും സ്ഥലങ്ങൾ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞുപോയിട്ടുണ്ട്. മുമ്പ് റിവർമാനേജ്മെന്റിന്റെയും ത്രിതലപഞ്ചായത്തിന്റെയും ഫണ്ടും ജലസേചനവകുപ്പിന്റെ പദ്ധതികളും ഉപയോഗിച്ച് തീരം കരിങ്കല്ലുകെട്ടി സംരക്ഷിച്ചിരുന്നു. ഇവിടെ ഇതും നടപ്പായില്ല.