ചെങ്ങന്നൂർ: കരുതലിന്റെയും ആർദ്രതയുടെയും കരങ്ങൾ മനുഷ്യനെ ചേർത്തുനിറുത്തുമെന്നും കരുണാർദ്രഹൃദയനായ സഭയുടെ മേലദ്ധ്യക്ഷന് സഭയേയും സമൂഹത്തേയും ഒരുമിപ്പിക്കുവാൻ കഴിയുമെന്നും മാർത്തോമ്മാ സഭ അടൂർ ഭദ്രാസനാധിപൻ ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ പറഞ്ഞു. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായി സ്ഥാനാരോഹണം ചെയ്ത ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. തുമ്പമൺ ദദ്രാസന മെത്രാപ്പോലീത്താ കുറിയാക്കോസ് മാർ ക്ലിമീസ് അനുഗ്രഹ പ്രഭാഷണവും, മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണവും നടത്തി. കൊടിക്കുന്നിൽ സുരേഷ് എംപി,ഡോ.തോമസ് വർഗീസ് അമയിൽ, മുൻസിപ്പൽ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മാകരൻ, കുമാരി അബീഗയിൽ, ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ, ഫാ.സി.കെ.ഗീവർഗീസ് എന്നിവർ സംസാരിച്ചു. ഫാ. മാത്യു വർഗീസ് പുളിമൂട്ടിൽ മംഗളപത്ര സമർപ്പണവും, ഫാ.ജോൺ പോൾ ജീവിതരേഖാ അവതരണവും നിർവഹിച്ചു.