പന്തളം: കുരമ്പാല ഇടയാടിയിൽ ജംഗ്ഷനു സമീപം കാറും കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ച് എട്ട് പേർക്കു പരിക്കേറ്റു. ഇവരെ പന്തളം, അടൂർ, ചെങ്ങന്നുർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇന്നലെരാത്രി എട്ടു മണിയോടെ എംസി റോഡിലായിരുന്നു അപകടം.. കോട്ടയത്ത് നിന്ന് കൊട്ടരക്കരയിലേക്കു പോയ ബസും അടൂരിൽ നിന്ന് പന്തളം ഭാഗത്തേക്കു വന്ന കാറുമാണു കൂട്ടിയിടിച്ചത്. കാർ പൂർണമായും തകർന്നു. അടൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും പന്തളം പൊലീസും നാട്ടുകാരും ചേർന്നാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

കാർ യാത്രികരായ ഷംസുദ്ദീൻ, അജ്മൽ, പ്രേമചന്ദ്രൻ, ഉനൈസ് എന്നിവർക്കും, ബസ് യാത്രികരായ കണ്ണങ്കോട് ചരിഞ്ഞവിളയിൽ ഷീജ മജീദ് (40), അടൂർ കരുവാറ്റ ചരുവാലത്തടത്തിൽ വർഗീസ് (50), ഭാര്യ അനിതാ വർഗീസ്, (45)അഞ്ചാലുംമൂട് പനയം വിഷ്ണുഭവനിൽ മണികണ്ഠന്റെ ഭാര്യ മിനി കുമാരി (47) എന്നിവർക്കുമാണ് പരിക്കേറ്റത്. ഈ അപകടത്തിൽ ഗതാഗത തടസം ഉണ്ടായപ്പോൾ ഹരമഗലത്ത് പടിയിലും വാഹനാപകടമുണ്ടായി. മിനിലോറിക്ക് പിന്നിൽ ഇടിച്ച കാറിന് പിന്നിൽ മറ്രൊരു കാർ ഇടിച്ചായിരുന്നു അപകടം. ആർക്കും പരിക്കില്ല.