തെങ്ങമം: റോഡിനു വീതി കൂടിയപ്പോൾ അരുകിലായ വൈദ്യുതി പോസ്റ്റുകൾ അപകട ഭീഷണിയുയർത്തുന്നു. ആനയടി - കൂടൽ റോഡിൽ പള്ളിക്കൽ പഞ്ചായത്ത് ഓഫീസിന് തെക്കുവശത്തെ വളവിലാണ് അപകടകരമായ രീതിയിൽ പോസ്റ്റുകൾ നിൽക്കുന്നത്. 11കെവി ലൈൻ കടന്നുപോകുന്ന പോസ്റ്റുകളാണ്. വളവിൽ നിന്ന് ഇടത്തോട്ടും പോസ്റ്റിന് സമീപം വഴിയാണ്. റോഡിന് വീതികൂട്ടിയപ്പോൾ ടാറിംഗ് കഴിഞ്ഞുള്ള ഭാഗത്തെ ടൈൽ ഇട്ടത് പോസ്റ്റിനോട് ചേർന്നാണ്. പോസ്റ്റുകൾ നിൽക്കുന്നതിനാൽ വളവ് കൃത്യമായി അളന്ന് റോഡ് നിർമ്മിക്കാനും കഴിഞ്ഞില്ല. നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണ്. അപകടരമായ രീതിയിൽ നിൽക്കുന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമന്ന് പ്രദേശവാസികൾ ആവിശ്യപ്പെട്ടു.