പത്തനംതിട്ട : പ്ലസ് വൺ രണ്ടാംഘട്ട അലോട്ട്‌മെന്റ് അവസാനിച്ചപ്പോൾ ജില്ലയിൽ 2508 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ അവസാന ദിവസം ഇന്നാണ്. മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കുമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. എസ്.എസ്.എൽ.സി സേ പരീക്ഷ വിജയിച്ചവരും ഈ ഘട്ടത്തിൽ അപേക്ഷിക്കണം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തിയതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും അപേക്ഷ തിരുത്തി സമർപ്പിക്കാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്കും പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാനാവില്ല. ജില്ലയിൽ ആകെയുള്ള സീറ്റുകൾ 14515 ആണ്. സീറ്റ് ഒഴിഞ്ഞുകിടക്കുന്നതിനാൽ പല സ്‌കൂളുകളിലും കോഴ്സുകൾ ഒഴിവാക്കാൻ തീരുമാനിച്ചു. സയൻസ് (ബയോളജി) കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നി കോഴ്സുകളിൽ ഒഴിവുണ്ട്. അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും അതാത് സ്‌കൂൾ ഹെൽപ്‌ഡൈസ്‌കുകളിലൂടെ നൽകാൻ വേണ്ട സജ്ജികരണം സ്വീകരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
ജനറൽ വിഭാഗത്തിൽ 1545, ധീവര സമുദായം 22, ഭിന്നശേഷി 38, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ 112, ഈഴവ സമുദായം 89, ഒ.ബി.സി 34, കുടുംബി 11, കുശവ സമുദായം 11, ലത്തീൻ കാത്തലിക്, ആംഗ്ലോ ഇന്ത്യൻ 34, മുസ്ലിം 78, എ.സി 301, എസ്.ടി 200, വിശ്വകർമ്മ 22, ക്രിസ്ത്യൻ ഒ.ബി.സി 11 എന്നിങ്ങനെയാണ് ഒഴിഞ്ഞുകിടക്കുന്ന സീറ്റുനില.