ചെങ്ങന്നൂർ : നഗരസഭാ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉപവാസ സമരം നടത്തിയ നഗരസഭാ കൗൺസിലറെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് അറസ്റ്റുചെയ്തു നീക്കി. ആറാം വാർഡ് കൗൺസിലർ ജോസിനെയാണ് ചെങ്ങന്നൂർ സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ചെങ്ങന്നൂർ ജില്ലാ ആശുപത്രി സർജൻ ഡോ.കെ.ജിതേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി ജോസിന്റെ ആരോഗ്യനില മോശമാണെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. സമരം അവസാനിപ്പിക്കാൻ സി.ഐ ആവശ്യപ്പെട്ടെങ്കിലും ജോസ് തയ്യാറായില്ല. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. യു.ഡി.എഫിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിഷേധ യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാർലമമെന്ററി പാർട്ടി ലീഡർ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം, ജനറൽ കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആർ.ബിജു, ശശി എസ്. പിള്ള, സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി സോമൻ പ്ലാപ്പള്ളി, നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, കൗൺസിലർമാരായ രാജൻ കണ്ണാട്ട്, റിജോ ജോൺ ജോർജ്ജ്, പി.ഡി.മോഹനൻ, ശോഭാ വർഗീസ്, ഓമനാ വർഗീസ്, അശോക് പടിപ്പുരയ്ക്കൽ, ബി.ശരത്ചന്ദ്രൻ, സൂസമ്മ ഏബ്രഹാം, മിനി സജൻ, അർച്ചന കെ.ഗോപി, ടി.കുമാരി എന്നിവർ പ്രസംഗിച്ചു.