28-thengu
1. തിരുവൻവണ്ടൂർ ആറ്റുമാലിയിൽ ഭാഗത്ത് വൈദ്യുത പോസ്റ്റിനു മുകളിൽ വീണ മരം മുറിച്ചുമാറ്റുന്നു. 2. തെങ്ങ് കടപുഴകി വീണ് മുണ്ടൻ കാവ് കോള കുമ്പിൽ ബേബിയുടെ വീടിന്റെ മേൽക്കൂര തകർന്ന നില​യിൽ.

ചെങ്ങന്നൂർ : ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുണ്ടൻകാവ്, തിരുവൻവണ്ടൂർ, കല്ലിശേരി ഭാഗങ്ങളിൽ വ്യാപക നാശം. ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് ചെങ്ങന്നൂർ മുണ്ടൻകാവ് കോളകുമ്പിൽ ബേബിയുടെ വീട് ഭാഗികമായി തകർന്നു. ഈ സമയം വീട്ടിൽ ബേബിയും മകൾ ഷൈനിയും കൊച്ചുമകൾ സ്‌നേഹയുമുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.

തിരുവൻവണ്ടൂർ, കല്ലിശേരി എന്നിവിടങ്ങളിലായി 15 ഓളം വൈദ്യുത പോസ്റ്റുകൾ തകർന്നു.കണ്ടത്തിൽപ്പടിക്കു സമീപം ആറ്റുമാലിയിൽ ഭാഗത്ത് ആറും ആറാട്ടുകടവ് യൂണിയൻ ബ്ലോക്കിനു സമീപം ഡബിൾ പോൾ സ്ട്രക്ച്ചർ അടക്കം ഒരു ട്രാൻസ് ഫോർമറും തകർന്നു. കുറ്റൂർ ഭാഗങ്ങളിൽ 9 ഓളം പോസ്റ്റുകൾ തകർന്നു.

ആറ്റുമാലിയിൽ ഭാഗത്ത് പഞ്ചായത്ത് റോഡിന് സമീപംനിന്ന വൻതേക്ക് മരം കടപുഴകി വൈദ്യുത കമ്പിയിൽ വീഴുകയായിരുന്നു. ഇതേത്തുടർന്ന് കമ്പികൾ വലിഞ്ഞുപൊട്ടുകയും ഇതിനോടു ചേർന്ന ആറ് പോസ്റ്റുകൾ ഒടിയുകയും ചെയ്തു. മരങ്ങൾ വീണ് പഞ്ചായത്തിലുടനീളം സർവീസ് വയറുകൾ, വൈദ്യുതി കമ്പികൾ എന്നിവ പൊട്ടിയിട്ടുണ്ട്. രാത്രി ഏറെ വൈകിയും കെ എസ് ഇ ബി വൈദ്യുതബന്ധം പുന:സ്ഥാപിക്കുവാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുകയാണ്. പ്രദേശങ്ങളിൽ വ്യാപകമായി കൃഷി

നശിച്ചു.