പത്തനംതിട്ട : സിനിമാതീയേറ്ററുകൾ തുറന്നെങ്കിലും കാണികൾ നാമമാത്രം. ഡോക്ടർ, വെനം 2 എന്നീ ചിത്രങ്ങളാണ് ഇന്നലെ നഗരത്തിലെ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. നാല് പ്രദർശനങ്ങൾ ഉണ്ടായിരുന്നു. പത്തും അതിൽ താഴെയും ആളുകൾ മാത്രമാണ് എത്തിയത്. കഴിഞ്ഞ ദിവസം രാത്രി വൈകി ഓൺലൈൻ ബുക്കിംഗും ആരംഭിച്ചിരുന്നു. നാലും അഞ്ചും പേർ മാത്രമാണ് ബുക്കുചെയ്ത് സിനിമ കാണാൻ എത്തിയത്. വിദ്യാർത്ഥികളായിരുന്നു മിക്കവരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രദർശനം. തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തിയാണ് തീയേറ്ററിനുള്ളിലേക്ക് ആളുകളെ പ്രവേശിപ്പിച്ചത് . ഫാൻസ് അസോസിയേഷൻ ഉള്ളവരുടെ ചിത്രങ്ങളാണെങ്കിൽ കുറേക്കൂടി ആളുകൾ എത്തുമെന്നാണ് തീയേറ്റർ ഉടമകളുടെ കണക്കുകൂട്ടൽ . ഇന്ന് പ്രദർശിപ്പിക്കുന്ന ജോജു നായകനായ സ്റ്റാറിന് കൂടുതൽ കാണികളെത്തുമെന്നാണ് പ്രതീക്ഷ. ഓൺലൈനിൽ ഒരാൾ ബുക്കുചെയ്താലും പ്രദർശനം നടത്തിയേ പറ്റു. അതുകൊണ്ടുതന്നെ പ്രദർശനം തുടരാനാണ് ഉടമകളുടെ തീരുമാനം. വൈദ്യുതി ചാർജ് മാത്രം ലക്ഷങ്ങളാകും. വൃത്തിയാക്കാനുള്ള ചെലവ് വേറെ. ജീവനക്കാർക്ക് ശമ്പളവും നൽകണം. പ്രമുഖ നടൻമാരുടെ ചിത്രങ്ങൾ ഏത്തുന്നതോടെ നിലവിലുള്ള അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. .