helmet

പത്തനംതിട്ട : ഒൻപത് മാസം മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്കുള്ള ഹെൽമെറ്റ് വിപണിയിലെത്തി. പുതിയ നിയമം എത്തിയതോടെയാണ് ഇവ കൂടുതലായി കച്ചവടക്കാർ വാങ്ങിയത്. പക്ഷേ പുതിയ നിയമത്തെക്കുറിച്ച് ആശങ്കയേറെയാണ്. മുതിർന്നവർക്ക് പോലും ഹെൽമെറ്റ് ധരിച്ച് കഴുത്ത് വേദനയുണ്ടാകുന്നതും മുടി കൊഴിയുന്നതും സർവസാധാരണമാകുമ്പോൾ കുട്ടികളിൽ പ്രശ്നം രൂക്ഷമാകില്ലേ എന്നാണ് ആശങ്ക. ഹെൽമെറ്റിന്റെ ഭാരം താങ്ങാൻ കുട്ടികൾക്ക് കഴിയില്ല.
750 ഗ്രാം മുതൽ ഒന്നരക്കിലോ വരെ ഭാരമുള്ള ഹെൽമെറ്റ് വിപണിയിലുണ്ട്. ബ്രാൻഡഡ് ഹെൽമെറ്റുകൾക്ക് നല്ല ഭാരം ഉണ്ടാകും. കുട്ടികൾക്കായി ഭാരം കുറഞ്ഞ ഹെൽമെറ്റുകൾ പ്രത്യേകമായി നിർമ്മിക്കണമെന്ന് ആവശ്യമുണ്ട്. പക്ഷേ,ഭാരം കുറയുമ്പോൾ സുരക്ഷയും കുറയും. ഇരുചക്ര വാഹനത്തിൽ

സുരക്ഷാ ബെൽറ്റ് കൂടി ധരിക്കുമ്പോൾ അപകടങ്ങൾ ഉണ്ടായാൽ കുട്ടികൾ സുരക്ഷിതരായിരിക്കുന്നത് ഏങ്ങനെയാണെന്ന് ചോദിക്കുന്നവരുമുണ്ട്.

" കുട്ടികൾക്കുള്ള ഹെൽമെറ്റിനെക്കുറിച്ച് നല്ല പഠനം നടത്തേണ്ടതുണ്ട്. സുരക്ഷയെക്കരുതിയുള്ള നല്ലൊരു തീരുമാനമാണിത്. പക്ഷേ ഇതുമൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന് പരിശോധിക്കണം. കുറേ ദൂരം യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ തലയിൽ വിയർപ്പ് തട്ടിനിന്ന് പനിയും ജലദോഷവും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കഴുത്തിന് വേദനയുണ്ടാക്കാത്ത ഭാരം കുറഞ്ഞ ഹെൽമെറ്റുകൾ വിപണിയിൽ എത്തിക്കണം. "

ഡോ. ജൂഡി ബാബുതോമസ്

പീഡിയാട്രീഷ്യൻ

(അടൂർ ലൈഫ് ലൈൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ )

" ഒൻപത് മാസമാകുമ്പോൾ കു‌ഞ്ഞുങ്ങൾ തല നേരെവച്ച് തുടങ്ങുന്ന അവസ്ഥയിലാണ്. ആ പ്രായത്തിൽ എങ്ങനെയാണ് ഭാരമുള്ള ഒരു വസ്തു കുട്ടികളുടെ തലയിൽ വച്ചുകൊടുക്കുന്നത്. കഴുത്തിന് വേദനയും മറ്റും ഉണ്ടായാൽ അവർക്ക് അത് നമ്മളെ പറഞ്ഞ് മനസിലാക്കാനും കഴിയില്ലല്ലോ. "

ദേവു ഗിരീഷ്

രക്ഷിതാവ്