റാന്നി : അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത മൂലം അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന വാറ്റുകുന്ന് ഗവണ്മെന്റ് എൽ.പി സ്കൂളിലേക്ക് ഡെസ്കുകളും, ബെഞ്ചുകളും എത്തിച്ചുനൽകി വെച്ചൂച്ചിറ ജനമൈത്രി പൊലീസ്. സുമനസുകളുടെ സഹകരണത്തോടെയാണ് വെച്ചൂച്ചിറ ജനമൈത്രി പൊലീസ് ഇവ എത്തിച്ചു നൽകിയത്. നിലവിൽ സ്കൂളിലെ കുട്ടികൾക്ക് ഇരുന്ന് പഠിക്കുന്നതിന് പോലും കഴിയാത്ത തരത്തിൽ പഴക്കം ചെന്ന രണ്ടു ബെഞ്ചുകൾ മാത്രമുള്ള ശോചനീയാവസ്ഥയിൽ ആയിരുന്നു. പുതിയ അദ്ധ്യയന വർഷത്തിന്റ തുടക്കം മുതൽ നിലവിലെ സ്കൂളിലെ അദ്ധ്യാപകരും, പി.ടി.എ ഭാരവാഹികളും കുട്ടികളെ എത്തിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ജനമൈത്രി പൊലീസുമായി ചേർന്ന് മാതൃകപരമായി പ്രവർത്തിച്ചു വരുന്നു. ഇതിന്റെ ഭാഗമായി തുടക്കത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ എത്തിച്ചും, ജില്ലാ പൊലീസിന്റെ വീണ്ടും വസന്തം പദ്ധതിയുടെ ഭാഗമായി സ്കൂളും ചുറ്റുപാടും ശുചീകരണം നടത്തിയും ജനമൈത്രി പൊലീസ് ഈ സ്കൂളിന് മികച്ച പിന്തുണയാണ് നൽകി വരുന്നത്.