പത്തനംതിട്ട: വീടൊന്നിന് അത്യുൽപ്പാദന ശേഷിയുള്ള ഓരോ തെങ്ങിൽ തൈ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടി കടമ്പനാട് പഞ്ചായത്തിൽ നടപ്പാക്കുന്ന കേരഗ്രാം പദ്ധതിയിൽ അഴിമതി നടന്നതായി കോൺഗ്രസ് കടമ്പനാട്-മണ്ണടി കോൺഗ്രസ് കമ്മിറ്റികൾ ആരോപിച്ചു. ആകെ ആവശ്യമായ 7200 തെങ്ങിൻ തൈകളിൽ രണ്ടായിരമെണ്ണം സർക്കാർ ഉടമസ്ഥതയിലുള്ള കാസർകോട് കേന്ദ്രത്തിൽ നിന്നും ബാക്കി കായംകുളം തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും വാങ്ങാൻ ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ പൂർത്തീകരിച്ചതാണ്. എന്നാൽ സി.പി.എം നേതാക്കൾ ഇടപെട്ട് നടപടി അട്ടിമറിച്ച് തുശ്ചമായ വിലയ്ക്ക് സ്വകാര്യ വ്യക്തികളിൽ നിന്ന് നിലവാരമില്ലാത്ത തൈ ശേഖരിച്ച് വിതരണം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടുപുരയിടത്തിൽ ഇറക്കി വച്ചിരിക്കുന്ന തെങ്ങിൻ തൈകൾ എവിടെ എങ്ങനെ ഉത്പ്പാദിപ്പിച്ചുവെന്ന് വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. മണ്ണടി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ ജയപ്രസാദ്, സി.കൃഷ്ണകുമാർ, മണ്ണടി പരമേശ്വരൻ, ബിജിലജോസഫ്, റജി മാമൻ, മാനപ്പള്ളി മോഹൻ, കെ.ജി ശിവദാസൻ, അഡ്വ.ഷാബു ജോൺ, സുധാ നായർ, ഉഷാകുമാരി, വിമലാ മധു, ജോസ് തോമസ്, പ്രസന്നൻ, സാറാമ്മ ഷാജി, വിപിനചന്ദ്രൻ, പുഷ്പരാജൻ, ആമ്പാടി രാധാകൃഷ്ണൻ, സി.ഡി വർഗീസ്, സോറാബീവി, സുരേന്ദ്രൻ നായർ, ഹരീഷ് ബി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.