ചെങ്ങന്നൂർ : കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തലാക്കിയതോടെ ഒരു ഗ്രാമത്തിലെ ജനങ്ങളുടെ പൊതുഗതാഗത സംവിധാനം നിലച്ചു. ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് മുളക്കുഴ - പാറയ്ക്കൽ, കോട്ട, കുറിച്ചിമുട്ടം, വല്ലന ഗുരുമന്ദിരം, എരുമക്കാട് നാൽക്കാലിക്കൽ ആറൻമുള വഴി കോഴഞ്ചേരിയിലേക്കും തിരിച്ചും വർഷങ്ങളായി സർവീസ് നടത്തിയിരുന്ന ബസാണ് നിറുത്തലാക്കിയത്. ഇതാേടെയാണ് ഈ പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശം രൂക്ഷമായത്. സാമാന്യം ഭേദപ്പെട്ട കളക്ഷൻ ലഭിച്ചുകൊണ്ടിരുന്ന ഈ സർവീസ് കൊവിഡ് ലോക്ക് ഡൗൺ സമയത്താണ് നിറുത്തിയത്.

യാത്രാക്ലേശം രൂക്ഷം

കൊവിഡ് നിയന്ത്രണ വിധേയമായെങ്കിലും ഈ റൂട്ടിൽ മാത്രം സർവീസ് പുനരാരംഭിച്ചിട്ടില്ല. എരുമക്കാട് കോളനി, വല്ലന ലക്ഷംവീട് കോളനി, കുറിച്ചിമുട്ടം എഴിക്കാട് കോളനി, കോട്ട മയ്യാവ് ലക്ഷം വീട് കോളനി തുടങ്ങി സാധാരണക്കാർ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിലൂടെയായിരുന്നു ഈ സർവീസ്. മാരാമൺ കൺവെൻഷൻ, കോഴഞ്ചേരി ജില്ലാ ആശുപത്രി, ആറൻമുള ക്ഷേത്രം , വല്ലന മഹാദേവക്ഷേത്രം , മയ്യാവ് ക്ഷേത്രം, പട്ടങ്ങാട് ക്ഷേത്രം, വല്ലന മുസ്ലിം പളളികൾ തുടങ്ങി ആരാധനാലങ്ങളിൽ പോകാനും കോഴഞ്ചേരി കോളേജ്, ചെങ്ങന്നൂർ കോളേജ്, ആറന്മുള എൻജിനിയറിംഗ് കോളേജ്, സഹകരണ പരിശിലനകേന്ദ്രം, നാൽക്കാലിക്കൽ സ്‌കൂൾ, വല്ലന സ്‌കൂൾ, കുറുമ്പൻ ദൈവത്താൻ സ്മാരക സ്‌കൂൾ, കൊവിഡ് പ്രതിരോധ രംഗത്ത് സജീവമായ വല്ലന ആശുപത്രി ഇവിടങ്ങളിലേക്ക് ജീവനക്കാർക്കും എത്തിച്ചേരാൻ സഹായകമായിരുന്നു ഈ സർവീസ്. കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കാൻ വിമുഖത കാട്ടിയതോടെ പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശവും ഇരട്ടിയായി.

യൂത്ത് കോൺഗ്രസ് നിവേദനം നൽകി

സാധാരണ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വല്ലന എരുമക്കാട് റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് പുന:രാരംഭിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോൺഗ്രസ് ചെങ്ങന്നൂർ അസി.ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിവേദനം നൽകി.

................

സർവീസ് നടത്താൻ വൈകിയാൽ പ്രതിഷേധ സമരം ശക്തമാക്കും.

(യൂത്ത്‌കോൺഗ്രസ് ആറന്മുള മണ്ഡലം

കമ്മിറ്റി ഭാരവാഹികൾ)