അടൂർ: രാജഭരണ കാലത്ത് ആരംഭിച്ചതും കച്ചേരിചന്ത എന്ന പേരിൽ അറിയപ്പെട്ടുവരുന്ന നഗരസഭയുടെ നിയന്ത്രണത്തിലുള്ള ശ്രീമൂലം മാർക്കറ്റ് ഹൈടെക് ആകുന്നു. കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് കോടി 32 ലക്ഷം രൂപ വിനിയോഗിച്ച് 22 മുറികളുള്ള കെട്ടിട സമുച്ചയമാണ് നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ തീരദേശ കോർപ്പറേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക ഫിഷ്സ്റ്റാൾ,വെജിറ്റബിൾ സ്റ്റാൾ,ശൗചാലയം,മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവ ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയമാണ് വരുന്നത്. മത്സ്യം വിൽക്കാനുള്ള സൗകര്യത്തിനൊപ്പം അത് സൂക്ഷിക്കാനുള്ള ചില്ലിംഗ് പ്ലാന്റും ഇവിടെ സജ്ജമാക്കും. ചന്തയ്ക്കുള്ളിൽ വെളിച്ചം കടക്കത്തക്കവിധത്തിലുള്ള റൂഫിംഗ്, തറ ടൈൽസ് പാകി നവീകരിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 4.30-ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനാകും. 10 മാസം കൊണ്ടാണ് പദ്ധതി പൂർത്തികരിക്കാൻ കരാർ ഉറപ്പിച്ചിരിക്കുന്നത്. സമയബന്ധിതമായി നവീകരണം പൂർത്തിയാകുന്നതോടെ ഏറ്റവും നല്ല വൃത്തിയുള്ള അന്തരീക്ഷത്തിൽ ചന്ത പ്രവർത്തിക്കുമെന്നും അടൂർ നഗരസഭ ചെയർമാൻ ഡി.സജി പത്രസമ്മേളനത്തിൽ അറിയിച്ചു. വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്,വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജി പാണ്ടിക്കുടി,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.അലാവുദ്ദീൻ എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.