പത്തനംതിട്ട: ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള നിയമനത്തിൽ ഒന്നാംറാങ്കുകാരന് ജോലി ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് യുവജന കമ്മിഷൻ പി.എസ്.സിയോട് റിപ്പോർട്ട് തേടി. ഒന്നാം റാങ്ക് ഹോൾഡറായ ഉദ്യോഗാർത്ഥി കമ്മിഷന് നൽകിയ പരാതി പരിഗണിച്ചാണ് വിശദീകരണം ചോദിച്ചത്. ഒന്നാം റാങ്ക് ഹോൾഡറാണെങ്കിലും നിയമനത്തിൽ ഒന്നാമതായി പരിഗണിക്കേണ്ടത് ഭിന്നശേഷിക്കാരായ വ്യക്തിയെയാണ് എന്നതുകൊണ്ട് തനിക്ക് നിയമനം ലഭിക്കുന്നില്ല എന്നായിരുന്നു പരാതി.

ജില്ലയിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും കൊവിഡ് കാലത്ത് ശമ്പളവും ഗ്രാറ്റുവിറ്റിയും കൊടുക്കാതിരുന്നതിന് മാനേജ്മെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടു. തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നില്ല എന്നതും പരാതിക്കാർ അറിയിച്ചിരുന്നു. ഈ വിഷയം ചർച്ചചെയ്ത് പരിഹരിച്ചു.

കമ്മിഷൻ പരിഗണിച്ച 13 കേസുകളിൽ ആറെണ്ണം പരിഹരിച്ചു. ഏഴ് കേസുകൾ അടുത്ത ഹിയറിംഗിലേക്ക് മാറ്റി. അഞ്ച് പുതിയ പരാതികൾ ജില്ലയിൽ നിന്ന് ലഭ്യമായിട്ടുണ്ട്. കമ്മിഷൻ അംഗങ്ങളായ വി.വിനിൽ, പി.എ .സമദ്, റെനീഷ് മാത്യു, സെക്രട്ടറി ക്ഷിതി വി. ദാസ്, ഫിനാൻസ് ഓഫീസർ ഷീന സി. കുട്ടപ്പൻ, അസിസ്റ്റന്റ് അഭിഷേക് എന്നിവർ പങ്കെടുത്തു.