g

അടൂർ : അടൂർ - സുൽത്താൻബത്തേരി സൂപ്പർഫാസ്റ്റ് സർവീസ് പെരിക്കല്ലൂരിലേക്ക് നീട്ടി. യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. 2015 ലാണ് അടൂർ - പെരിക്കല്ലൂർ സൂപ്പർ ഫാസ്റ്റ് ആരംഭിച്ചത്. 'അടൂർ ഗന്ധർവൻ' എന്ന പേരിലാണ് ബസ് അറിയപ്പെട്ടത്. നല്ല വരുമാനമുള്ള പ്രധാന സർവീസുകളിൽ ഒന്നായിരുന്നു ഇത്. ഒന്നാംഘട്ട കൊവിഡിനെ തുടർന്ന് നിറുത്തിവച്ച സർവീസുകൾ കെ. എസ്. ആർ. ടി പുനരാരംഭിച്ചപ്പോൾ പെരിക്കല്ലൂർ സർവീസ് സുൽത്താൻ ബത്തേരിയായി വെട്ടിക്കുറച്ചു. ഒരു സ്വകാര്യ ബസ് സർവീസിനെ സഹായിക്കാൻവേണ്ടി ഉന്നത ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ നീക്കമാണ് ഇതെന്ന് ആരോപണം ഉണ്ടായിരുന്നു. സർവീസ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡിപ്പോ കൺട്രോളറും ജീവനക്കാരും സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ഒടുവിൽ പെരിക്കല്ലൂർ ബോർഡ് വച്ച് ബസ് ബുധനാഴ്ച രാത്രി 8.15 ന് പുറപ്പെട്ടു.

യാത്ര ഇങ്ങനെ

അടൂർ ഡിപ്പോയിൽ നിന്ന് രാത്രി രാത്രി 8.15 ന് പുറപ്പെട്ട് ചെങ്ങന്നൂർ, കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, എടപ്പാൾ , കുറ്റിപ്പുറം, കോഴിക്കോട്, താമരശേരി, വൈത്തിരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, പുൽപ്പള്ളി വഴി അടുത്ത ദിവസം രാവിലെ 7.40 ന് പെരിക്കല്ലൂരിൽ എത്തും. അന്ന് വൈകിട്ട് 7.30 ന് ഇതേ റൂട്ടിൽ പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.30 ന് അടൂരിലെത്തിച്ചേരും.

വയനാട്ടിലേക്ക് ഉല്ലാസയാത്രയും

വയനാടിന്റെ സൗന്ദ്യര്യം കണ്ട് മടങ്ങാനുള്ള അവസരം കൂടിയാണ് യാത്ര. കബനീനദിയുടെ തീരത്തെ ചെറുഗ്രാമമാണ് പെരിക്കല്ലൂർ. നദിയുടെ അക്കരെ കർണാടക സംസ്ഥാനവും. പുലർച്ചെ 5.45 ന് വൈത്തിരിയിൽ നിന്ന് ബസ് ചുരംകയറാൻ തുടങ്ങും. മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളുടെ മനോഹരദൃശ്യങ്ങൾ ആസ്വദിക്കാം. പെരിക്കല്ലൂരിൽ എത്തി പകൽ പ്രധാന സ്ഥലങ്ങൾ കണ്ട് വൈകിട്ട് ഏഴരയോടെ ഇതേ ബസിൽ മടങ്ങാം.