പത്തനംതിട്ട: അസംഘടിത തൊഴിലാളികളുടെ ദേശീയ വിവര ശേഖരണത്തിന്റെ ഭാഗമായി ഇശ്രം പോർട്ടലിൽ രജിസ്ട്രേഷൻ ആരംഭിച്ചു. 16നും 59നും ഇടയിലുള്ള ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത ഇൻകംടാക്‌സ് പരിധിയിൽ വരാത്ത എല്ലാ തൊഴിലാളികൾക്കും രജിസ്റ്റർ ചെയ്യാം. ഇശ്രം പോർട്ടലിൽ രജിസ്റ്റർചെയ്യുന്ന തൊഴിലാളികൾക്ക് യൂണിക് ഐഡന്റിഫിക്കേഷൻ കാർഡ് ലഭിക്കും. ഈ കാർഡിലൂടെ കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭിക്കും.

രജിസ്ട്രേഷൻ ഡിസംബർ 31നകം പൂർത്തിയാക്കും. തൊഴിലാളികൾക്ക് പോർട്ടലിലേക്ക് സ്വയം രജിസ്‌ട്രേഷനുള്ള സൗകര്യവും കോമൺ സർവീസ് സെന്റർ/ അക്ഷയ കേന്ദ്രങ്ങൾ/ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് എന്നിവ വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ആധാർ നമ്പർ, മൊബൈൽ നമ്പർ, ഐ.എഫ്.സി ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവയുടെ സഹായത്തോടെ മൊബൈൽ ആപ്പ് വഴിയും രജിസ്‌ട്രേഷൻ നടത്താം. തൊഴിലാളികളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ കോമൺ സർവീസ് സെന്ററുകൾ/ അക്ഷയ കേന്ദ്രങ്ങൾ/ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് മുഖേനയോ ബയോമെട്രിക് സംവിധാനത്തിലൂടെയോ രജിസ്‌ട്രേഷൻ നടത്താം. രജിസ്‌ട്രേഷൻ ഫീസ് ഈടാക്കില്ല. മുഴുവൻ അസംഘടിത തൊഴിലാളികളും ഇശ്രം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

നിർമ്മാണ തൊഴിലാളികൾ, സ്വയംതൊഴിലിൽ ഏർപ്പെട്ടവർ, വഴിയോര കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീര കർഷകർ, കർഷകർ, കർഷക തൊഴിലാളികൾ, പത്ര ഏജന്റുമാർ, വീട്ടു ജോലിക്കാർ, തടിപ്പണിക്കാർ, ബീഡി തൊഴിലാളികൾ, ഒട്ടോ ഡ്രൈവർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ എന്നിവരാണ് ഗുണഭോക്താക്കൾ.