ചെങ്ങന്നൂർ: നഗരസഭാ കൗൺസിൽ യോഗം പ്രമേയം പാസാക്കിയിട്ടും സെക്രട്ടറിയെ സ്ഥലം മാറ്റാത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് പറഞ്ഞു. നഗരസഭാ സെക്രട്ടറി എസ്.നാരായണനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ രാജൻ കണ്ണാട്ടും അശോക് പടിപ്പുരയ്ക്കലും നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ രണ്ടാം ദിവസത്തെ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയെ ഉപയോഗിച്ച് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന യു.ഡി.എഫ് നേതൃത്വത്തിലുളള നഗരസഭാ ഭരണ സമിതിയെ അട്ടിമറിയ്ക്കാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നത്. അടിയന്തരമായി സെക്രട്ടറിയെ സ്ഥലം മാറ്റാൻ തയാറാകാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും എബി കുര്യാക്കോസ് പറഞ്ഞു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, കേരള കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജൂണി കുതിരവട്ടം, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി ചെറിയാൻ, ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ.ദേവദാസ്, സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി സോമൻ പ്ലാപ്പള്ളി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഡി.മോഹനൻ, ഷേർലി രാജൻ, ഓമന വർഗീസ്, കൗൺസിലർമാരായ ജോസ്, റിജോ ജോൺ ജോർജ്, ബി. ശരത്ചന്ദ്രൻ, സൂസമ്മ ഏബ്രഹാം, മിനി സജൻ, അർച്ചന കെ.ഗോപി, ടി.കുമാരി എന്നിവർ പ്രസംഗിച്ചു. എട്ടാം വാർഡ് കൗൺസിലർ അർച്ചന കെ.ഗോപി, 19ാം വാർഡ് കൗൺസിലർ ടി.കുമാരി എന്നിവർ ഇന്ന് റിലേ സത്യാഗ്രഹ സമരം നടത്തും.