flood-
കഴിഞ്ഞ ദിവസത്തെ മഴയിൽ ചെമ്പന്മുടി മലയിൽ നിന്നും കൃഷിയിടങ്ങളിലേക്ക് ഉണ്ടായ വെള്ളപ്പാച്ചിൽ

റാന്നി : കുരുമ്പൻമൂഴിയിൽ തുടർച്ചയായി രണ്ടു ദിവസം ഉരുൾപൊട്ടി​യതോടെ പരി​ഭ്രാന്തി​യിലായിരിക്കുകയാണ് ചെമ്പന്മുടി, മടന്തമൺ നിവാസികൾ. ഏതുനിമിഷവും മലയി​ടി​ഞ്ഞേക്കാം എന്ന ഭീതിയിലാണ് ചെമ്പന്മുടിമലയ്ക്ക് അടിവാരത്തു താമസിക്കുന്ന ജനങ്ങൾ. ശക്തമായ മഴയിൽ കഴിഞ്ഞ ദിവസം ഉണ്ടായ മലവെള്ളപ്പാച്ചിലി​ൽ കൃഷിയിടങ്ങൾ നശിച്ചു. തോട്ടിൽ ജനനിരപ്പ് ഉയർന്നത് ആളുകളിൽ ഭീതി പരത്തി​. കരണംകുത്തി തോട് കരകവിഞ്ഞു ഒഴുകിയതുമൂലം കൃഷിനാശവും ഉണ്ടായി. മുമ്പൊരിക്കൽ ഇവി​ടെ മലമുകളിൽ നിന്ന് വെള്ളപ്പാച്ചിൽ ഉണ്ടായത് പരി​ഭ്രാന്തി​ക്ക് കാരണമാകുന്നുണ്ട്. ഒന്നിലധികം പാറമടകൾ സ്ഥിതി ചെയ്യുന്ന ചെമ്പന്മുടിമലയിൽ നിരവധിയി​ടങ്ങളി​ൽ വെള്ളം കെട്ടി നിൽക്കുന്നുണ്ട്. തോടുകളി​ൽ പാറമക്കുകളും കല്ലുകളും നിറഞ്ഞി​രി​ക്കുകയാണ്. ആറാട്ടുമൺ, മടന്തമൺ പ്രദേശങ്ങളിലൂടെ ഒഴുകുന്ന കരണംകുത്തി തോടിന്റെ ഇരുകരകളി​ലും താമസിക്കുന്നവരും ഭീഷണി നേരിടുന്നു.