29-cgnr-railway-1
1. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കനത്ത മഴയത്ത് കാറിൽ നിന്ന് ഇറങ്ങി സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന യുവതി 2. കനത്ത മഴയെ തുടർന്ന് വെള്ളം കെട്ടി നിൽക്കുന്ന റെയിൽവേ സ്റ്റേഷന്റെ മുൻഭാഗം

ചെങ്ങന്നൂർ: മഴപെയ്യുമ്പോൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാൻ 'വള്ളം വേണം'.വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാത്തത് മൂലം വെള്ളം കെട്ടിക്കിടക്കും. മുട്ടറ്റം നനഞ്ഞുവേണം സ്റ്റേഷനിലെത്താൻ. സ്റ്റേഷന്റെ താഴത്തെ നിലയിലെ ഗ്രൗണ്ട്, ലിഫ്റ്റിലേക്ക് കയറുന്ന ഭാഗം, പാർക്കിംഗ് ഏരിയ, സ്റ്റേഷന് മുന്നിലെ ചെങ്ങന്നൂർ -മാവേലിക്കര റോഡ് എന്നിവിടങ്ങളിൽ ചെറിയ മഴയിൽ പോലും രണ്ടടിയിൽ കൂടുതൽ വെള്ളം കയറും.

2018 ലെ പ്രളയശേഷം ഓരോ മഴ പെയ്യുമ്പോഴും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാർക്കും വാഹന ഗതാഗതത്തിനും ബുദ്ധിമുട്ടാണ്.
സാധനങ്ങളുമായി എത്തുന്ന യാത്രക്കാർക്കാണ് ഏറെ ബുദ്ധിമുട്ട്. മഴ നനയാതെ വാഹനങ്ങൾ കയറ്റിനിറുത്താൻ ഒരു സംവിധാനവുമില്ല. കൂടുതൽ അളവിൽ വെള്ളം കയറിയാൽ വാഹനങ്ങൾ സ്റ്റേഷനിലേക്ക് കയറ്റാൻതന്നെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം താഴത്തെ നിലയിലെയും ലിഫ്റ്റിനു സമീപത്തെയും വെള്ളം മഴ മാറിയ ശേഷം മണിക്കൂറുകൾ സമയമെടുത്താണ് റെയിൽവെ ശുചീകരണ തൊഴിലാളികൾ കോരിക്കളഞ്ഞത്.

ശരിയായരീതിയിൽ ഓടനിർമ്മാണം നടത്തിയെങ്കിൽ മാത്രമേ ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയു.. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ പരിഷ്‌കരിക്കുമെന്ന് കേന്ദ്രസർക്കാരും എം.പിയും പറയുമ്പോഴാണ് ഇൗ ദുരവസ്ഥ.