കോന്നി: കാടിറങ്ങുന്ന കാട്ടാനകൾ മലയോര ഗ്രാമങ്ങളിലെ ജനജീവിതത്തിന് ഭീഷിണിയായി . തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ, തണ്ണിത്തോട്, തേക്കുതോട്, കരുമാൻതോട്, പൂച്ചക്കുളം, തൂമ്പാക്കുളം, മൂർത്തിമൺ, മേടപ്പാറ, മേക്കണ്ണം, എലിമുള്ളുംപ്ലാക്കൽ കൂത്താടിമണ്ണ്, ഏഴാംതല , അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്, കല്ലേലി, വയക്കര, കലഞ്ഞൂർ പഞ്ചായത്തിലെ പാടം, വെള്ളംതെറ്റി, കുളത്തുമണ്ണ്, പോത്തുപാറ, മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനകളിറങ്ങുന്നത് പതിവാണ്. വനംവകുപ്പിന്റെ കിടങ്ങുകളും സോളാർ വേലികകളും ഫലപ്രദമാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
തെങ്ങ്, കമുക്, മരച്ചീനി, വാഴ, റബർ, കൊക്കോ തുടങ്ങിയ കാർഷിക വിളകൾ കാട്ടാനകൾ നശിപ്പിക്കുകയാണ്. ഇതുമൂലം ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
നിരന്തരമായ കാട്ടാന ശല്യമുള്ള പ്രദേശമാണ് തണ്ണിത്തോട് പഞ്ചായത്തിലെ പൂച്ചക്കുളം. ഇവിടെ താമസിച്ചിരുന്ന ഒട്ടുമിക്ക കുടുംബങ്ങളും കാട്ടാനകളെ ഭയന്ന് താമസം മാറിപ്പോയി. ആൾത്താതാമസമില്ലാത്ത വീടുകൾ കാട്ടാനകൾ നശിപ്പിക്കുന്നുണ്ട്. തെങ്ങിന്റെ പുറംതൊലികൾ കുത്തിനശിപ്പിക്കും. ഇത് തടയാനായി പലരും മുള്ളുവേലികൾ തെങ്ങിൽ ചുറ്റിക്കെട്ടിയിരിക്കുകയാണ്. മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിലും കാട്ടാനശല്യം രൂക്ഷമാണ്. കല്ലാറ് മുറിച്ചുകടന്ന് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റബർ തോട്ടത്തിലേക്ക് കാട്ടാനകൾ കടക്കുന്നതിനാൽ തോട്ടത്തിലെ തൊഴിലാളികളും ഭീതിയിലാണ്. ടാപ്പ്ചെയ്തുകൊണ്ടിരിക്കുന്ന റബർ മരങ്ങളുടെ തൊലികൾ കാട്ടാനകൾ പൊളിച്ചുകളയുന്നു. കലഞ്ഞൂർ പഞ്ചായത്തിലെ പാടം, വെള്ളംതെറ്റി,പോത്തുപാറ, കുളത്തുമണ്ണ് തുടങ്ങിയ പ്രദേശങ്ങളിൽ രാത്രിയിലിറങ്ങുന്ന കാട്ടാനകൾ നേരം പുലർന്നാലും കൃഷിയിടങ്ങളിൽ നിൽക്കുന്നത് ജനജീവിതത്തിന് ഭീഷിണിയായി മാറുകയാണ്. കൃഷിയിടങ്ങളിൽ കർഷകർ സ്ഥാപിച്ചിട്ടുള്ള കാവൽപുരകളും കാട്ടാനകൾ തള്ളിമറിച്ചിടുന്നു. തണ്ണിത്തോട് പഞ്ചായത്തിലെ മൂർത്തിമണ്ണിൽ കോട്ടപുറത്തു തടത്തിൽ വീട്ടിൽ അംഗപരിമിതയായ അമ്മിണി ഏതു നിമിഷവും കാട്ടാനയുടെ ആക്രമണത്തെ ഭയന്നാണ് കഴിയുന്നത്. രോഗത്തെ തുടർന്ന് ഇരു കാൽപാദങ്ങളും നഷ്ടമായ ഇവർ വനാതിർത്തിയോട് ചേർന്ന മൺകട്ട കെട്ടിയ രണ്ടുമുറി വീട്ടിലാണ് താമസിക്കുന്നത്. രാത്രിയിൽ ഇവിടെ കാട്ടാന ശല്യമുണ്ടായാൽ ഇവർക്ക് പരസഹായമില്ലാതെ പുറത്തിറങ്ങാൻ കഴിയില്ല.