പത്തനംതിട്ട: കൊവിഡിനെ അതിജീവിച്ച് ജനജീവിതം സാധാരണ നിലയിലായിട്ടും ജില്ലയിൽ പൊതുഗതാഗതം നേരെയായില്ല. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്താത്ത മേഖലകൾ ഏറെയാണ്. രാത്രിയാത്രയും ദുരിതമായി. ഇന്ധന വില വർദ്ധനയിൽ പൊറുതിമുട്ടി ജനം സ്വന്തം വാഹനങ്ങൾ വീട്ടിൽ വച്ച് പൊതുഗതാഗതത്തെ കൂടുതലായി ആശ്രയിക്കുമ്പോൾ ബസുകളില്ലാതെ പെരുവഴിയിൽ നിൽക്കേണ്ട സ്ഥിതിയാണ്. ജില്ലയിൽ എം.സി റോഡിലൂടെ സൂപ്പർ ഫാസ്റ്റുകളും ഫാസ്റ്റ് പാസഞ്ചറുകളും പകലും രാത്രയും പായുന്നു. എന്നാൽ, സംസ്ഥാന പാതകളിലും ഗ്രാമീണ റോഡുകളിലും ബസുകളില്ല. ഡീസൽ വില വർദ്ധന കാരണം യാത്രക്കാർ കുറവുള്ള റൂട്ടുകളിൽ നിന്ന് സ്വകാര്യബസുകൾ പിൻവാങ്ങിയിരിക്കുകയാണ്.

യാത്രാക്ളേശം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ഗതാഗതമന്ത്രി അടക്കമുള്ളവർക്ക് യാത്രക്കാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇക്കാര്യത്തിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ജില്ലയിൽ പത്തനംതിട്ട - കൊടുമൺ - അടൂർ റൂട്ടിൽ പകലും രാത്രിയിലും യാത്രാക്ളേശം രൂക്ഷമാണ്. പത്തനംതിട്ട-ചെന്നീർക്കര- ഇലവുംതിട്ട ഭാഗങ്ങളിലേക്ക് ബസുകൾ കുറവാണ്. ഇൗ റൂട്ടിൽ സ്വകാര്യ സർവീസുകൾ കുറവായതിനാൽ യാത്രാദുരിതം രൂക്ഷമാണ്. പത്തനംതിട്ട - തട്ട - അടൂർ റൂട്ടിൽ വൈകിട്ട് ഏഴ് മണി കഴിഞ്ഞാൽ ബസുകളില്ല. പത്തനംതിട്ടയിൽ നിന്ന് റാന്നി, പന്തളം ഭാഗങ്ങളിലേക്കും രാത്രിയാത്രയ്ക്ക് ബസുകളില്ല. കൊവിഡിന് മുൻപ് വരെ ഇൗ റൂട്ടുകളിൽ രാത്രി ഒൻപത് വരെ കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തിയിരുന്നു. എം.സി റോഡിലെ പ്രധാന നഗരങ്ങളിലൊന്നായ അടൂരിലേക്ക് ജില്ലാ ആസ്ഥാനവുമായുള്ള ഗതാഗതബന്ധം ഏഴ് മണിയോടെ അവസാനിക്കും. തിരുവല്ലയിലേക്ക് രാത്രി എട്ട് വരെയാണ് പത്തനംതിട്ടയിൽ നിന്നുള്ള ബസ് സർവീസുകൾ.

സർക്കാർ ഒാഫീസുകളിലെ ജീവനക്കാരുടെ ജോലി സമയം നോക്കി സർവീസ് നടത്തുന്ന ബസുകൾ സന്ധ്യകഴിഞ്ഞാൽ നിരത്തുകൾ ഒഴിയുകയാണ്.

വിചിത്രവാദവുമായി കെ.എസ്.ആർ.ടി.സി

ബസുകളില്ലെന്ന് പരാതിപ്പെടുന്ന യാത്രക്കാരോട്, യാത്രക്കാർ ഇല്ലാത്തതിനാൽ സർവീസ് നടത്താൻ കഴിയുന്നില്ലെന്ന വിചിത്ര മറുപടിയാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. സ്വകാര്യ ബസുകൾക്ക് വേണ്ടി കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തലാക്കിയ സംഭവങ്ങളുമുണ്ട്. യാത്രക്കാരുടെ പരാതിപ്രകാരം കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിലെ ഒരു ബസ് രാത്രി 7.15ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തിയിരുന്നു. രാത്രി എട്ടുമണിയോടെ തിരികെ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സിയുടെ സമയത്തിന് തൊട്ടുമുൻപ് സ്വകാര്യ ബസും സർവീസ് തുടങ്ങി. യാത്രക്കാരെ വിളിച്ചുകയറ്റിക്കൊണ്ടുപോയ സ്വകാര്യബസിന് പിന്നിൽ ആളില്ലാത്ത യാത്രയായിരുന്നു കെ.എസ്.ആർ.ടി.സിയുടേത്. പിന്നീട് ഇൗ സർവീസ് നിറുത്തലാക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾ കൂടി ഒാടി സ്വകാര്യ സർവീസും നിറുത്തലാക്കി. ഇപ്പോൾ ഏഴ് മണി കഴിഞ്ഞാൽ അടൂരിലേക്ക് ബസില്ലാതായി.