ചെങ്ങന്നൂർ : തിരുവൻവണ്ടൂർ- നന്നാട്- ഈരടിച്ചിറ റോഡിലൂടെയാണോ യാത്ര ? സൂക്ഷിക്കണം. നടുവൊടിയാൻ സാദ്ധ്യതയുണ്ട്. അത്രയ്ക്കുണ്ട് കുണ്ടുംകുഴിയും. കെട്ടിക്കിടക്കുന്ന ചെളിവെള്ളവും വിനയാകും. തിരുവൻവണ്ടൂരിനേയും തിരുവല്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ആലപ്പുഴ, പത്തനംതിട്ട ജില്ലയുടെ അതിർത്തികൾ പങ്കു വയ്ക്കുന്ന റോഡാണിത്. തിരുവൻവണ്ടൂർ, കുറ്റൂർ, തിരുവല്ല, കല്ലുങ്കൽ, പത്തനംതിട്ട എന്നീ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഈ റൂട്ടിൽ ഒരു കാലത്ത് സർവീസ് നടത്തിയിരുന്നു. റോഡ് തകർന്നതോടെ ഈ സർവീസുകൾ നിറുത്തലാക്കി.
തിരുവൻവണ്ടൂർ -നന്നാട് -ഈരടിച്ചിറ റോഡിന് 2.5 കി.മീ. നീളമുണ്ട്. 10 വർഷങ്ങൾക്ക് മുമ്പ് വൺ ടൈം സെറ്റിൽമെന്റിൽ 26 ലക്ഷം രൂപ മുടക്കി പൊതുമരാമത്ത് വകുപ്പ് ഇവിടെ ടാറിംഗ് നടത്തിയിരുന്നു.
എം.സി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കെ.എസ്.ടി.പി സമാന്തര പാതയായി ഉപയോഗിച്ചത് ഈ റോഡാണ്. ടൺ കണക്കിന് സാധനങ്ങളുമായി വലിയ വാഹനങ്ങൾ ഈ റോഡിലൂടെ ഓടിത്തുടങ്ങിയതോടെ റോഡ് തകർന്നുതുടങ്ങി. പിന്നീട് കാലവർഷക്കെടുതിയിലും പ്രളയത്തിലുംപെട്ട് റോഡ് പൂർണമായി തകർന്നു.
ഇതേത്തുടർന്ന് നിരവധി തവണ റോഡ് പുനർനിർമ്മിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും നിവേദനങ്ങളും സമരങ്ങളും ധർണകളും നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
മഹാപ്രളയത്തിനു ശേഷം നിശേഷം തകർന്ന റോഡ് നാട്ടുകാർ ശ്രമദാനത്തിലൂടെ സഞ്ചാരയോഗ്യമാക്കിയിരുന്നു. പ്രദേശവാസികൾ ചേർന്ന് 35000 രൂപയോളം സമാഹരിച്ചാണ് റോഡ് താത്കാലികമായി പുനർനിർമ്മിച്ചത്. എന്നാൽ അടിക്കടി ഉണ്ടാകുന്ന കാലവർഷവും വെള്ളപ്പൊക്കവും മൂലം റോഡ് തകർന്ന് തരിപ്പണമായി. റീ ബിൽഡ് കേരളയിൽപ്പെടുത്തി ഒരു വർഷം മുമ്പ് റോഡ് നിർമ്മിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
റിബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 57033457 രൂപ മുടക്കിയാണ് റോഡ് പുനർനിർമ്മിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി. അടുത്ത മാസം പണി ആരംഭിക്കും
രാജ് കുമാർ (ഗ്രാമ പഞ്ചായത്ത് അംഗം)