teenage
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉജ്ജ്വല കൗമാരം പരിപാടി പത്തനംതിട്ട ഡയറ്റ് പ്രിൻസിപ്പാൾ പി.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉജ്ജ്വല കൗമാരം പരിപാടിക്ക് തിരുവല്ല മേഖലയിൽ തുടക്കമായി. പരുമല ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ക്ലാസിന്റെ ഉദ്‌ഘാടനം പത്തനംതിട്ട ഡയറ്റ് പ്രിൻസിപ്പൽ പി.പി.വേണുഗോപാൽ നിർവഹിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ഷീല.ഒ അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ പഠിക്കുന്ന കൗമാരക്കാരായ കുട്ടികൾക്കു വേണ്ടിയാണ് ക്ലാസ്. കൗമാരകാലഘട്ടത്തിന്റെ സവിശേഷതകൾ, മാനസിക സമ്മർദം ഒഴിവാക്കാനും ജീവിതത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറാനുമുള്ള തന്ത്രങ്ങൾ എന്നിവ കുട്ടികളുമായി ചർച്ച ചെയ്തു. തിരുവല്ല മേഖലയിലെ ഹൈസ്കൂൾ - ഹയർസെക്കൻഡറി സ്കൂളുകളുടെ സഹകരണത്തോടെ പരിപാടി നടപ്പിലാക്കും. പ്രത്യേക പരിശീലനം നേടിയ അദ്ധ്യാപകർ റിസോഴ്സ് പേഴ്സൺമാരായി പ്രവർത്തിക്കും. ജില്ലാ റിസോഴ്സ് ടീം അംഗം ശ്രീലക്ഷ്മി.ജി കുട്ടികളുമായി സംവദിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി ബെന്നി മാത്യു, ജില്ലാവിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ, ജില്ലാ റിസോഴ്സ് ടീം അംഗം അജിത്ത് ആർ.പിള്ള, പരിഷത്ത് പരുമല യൂണിറ്റ് സെക്രട്ടറി വിനോയ്.കെ എന്നിവർ പ്രസംഗിച്ചു.