30-cgnr-amma
ഭക്തിയുടെ നിറവിൽ ചെങ്ങന്നൂരമ്മയ്ക്ക് തൃപ്പൂത്താറാട്ട്

ചെങ്ങന്നൂർ : ഭക്തിയുടെ നിറവിൽ പമ്പാ നദിയിലെ മിത്രപ്പുഴക്കടവിൽ ചെങ്ങന്നൂരമ്മയ്ക്ക് തൃപ്പൂത്താറാട്ട്. മലയാള മാസത്തിലെ മൂന്നാം തൃപ്പൂത്തായിരുന്നു ഇന്നലെ നടത്തിയത്. രാവിലെ ദേവിയെ തൃപ്പൂത്തറയിൽ നിന്ന് ഹംസവാഹനത്തിൽ എഴുന്നെള്ളിച്ചു. തുടർന്ന് മിത്രപ്പുഴക്കടവിൽ തന്ത്രി കണ്ഠര് മോഹനരുടെ കാർമ്മികത്വത്തിൽ ആറാട്ടു നടത്തി. പനിനീരും മഞ്ഞൾപ്പൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു ദേവിക്ക് അഭിഷേകവും കരയിൽ നിവേദ്യവും നടത്തി. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയപ്പോൾ ശ്രീപരമേശ്വരൻ ഋഷഭവാഹനത്തിൽ എഴുന്നെള്ളി ദേവിയെ സ്വീകരിച്ചു. പ്രദക്ഷിണത്തിനു ശേഷം അകത്തെഴുന്നെള്ളത്തും കളഭാഭിഷേകവും നടത്തി. കൊവിഡ് നിയന്ത്രണങ്ങൾ മൂലം അന്നദാനം, ലഘുഭക്ഷണവിതരണം, കുടിവെള്ള വിതരണം എന്നിവ ഒഴിവാക്കിയിരുന്നു. പടിഞ്ഞാറെ നടയിൽ മാത്രം ഭക്തർ നിയന്ത്രണങ്ങൾ പാലിച്ചു നിറപറ സമർപ്പിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം.പി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ ബി. കൃഷ്ണകുമാര വാര്യർ, മുൻ ദേവസ്വം കമ്മിഷണർ വേണുഗോപാൽ, തിരുവാഭരണ കമ്മിഷണർ എസ്. അജിത്ത്കുമാർ, അസി. ദേവസ്വം കമ്മിഷണർ കെ. സൈനുരാജ് തുടങ്ങിയവർ പങ്കെടുത്തു. ആറാട്ടിനു ശേഷം 12 ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.ജി. പ്രകാശ് അറിയിച്ചു.