ചെങ്ങന്നൂർ : ഇടനാട് വഞ്ചിപ്പോട്ടിൽകടവിൽ പാലം നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂർ നഗരസഭയിൽ പ്രമേയം. ആദിപമ്പയ്ക്കു കുറുകെ, നഗരസഭയെ കോയിപ്രവുമായി ബന്ധിപ്പിച്ചിരുന്ന വഞ്ചിപ്പോട്ടു കടവിലെ ചപ്പാത്ത് വരട്ടാർ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഭാഗമായി 2017 ജൂണിൽ പൊളിച്ചുമാറ്റിയിരുന്നു. ഇവിടെ പാലം നിർമ്മിക്കാനും തുക അനുവദിച്ചിരുന്നു. എന്നാൽ നാലു വർഷമായിട്ടും നിർമ്മാണം തുടങ്ങിയില്ല. താൽക്കാലിക യാത്രാസംവിധാനം ഏർപ്പെടുത്തി പാലം നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും കൗൺസിലർ മനീഷ് കീഴാമഠത്തിൽ അവതരിപ്പിച്ച പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു. കൗൺസിലർ മിനി സജൻ അനുവാദക ആയിരുന്നു. നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് അദ്ധ്യക്ഷയായി.

ഭരണാനുമതി ലഭിച്ചു; നിർമ്മാണം വൈകില്ല

മന്ത്രിയുടെ ഓഫീസ് ഏഴു കോടി രൂപ ചെലവിൽ പാലം നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചിരുന്നതായും നിർമ്മാണം വൈകില്ലെന്നും മന്ത്രി സജി ചെറിയാന്റെ ഓഫീസ് അറിയിച്ചു.