മല്ലപ്പള്ളി : മണിമലയാറ്റിലെ മിന്നൽ പ്രളയത്തിന്റെമല്ലപ്പള്ളി താലൂക്കിൽ മാത്രം 12കോടിയിലേറെ നഷ്ടമമെന്ന് റവന്യൂ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ .വ്യാപാരികളുടെ മാത്രം നഷ്ടം ആറരകോടിയിലേറെ വരും. താലൂക്കിൽ വെള്ളം കയറിയത് 350 ലേറെ വ്യാപാരസ്ഥാപനങ്ങളിൽ. ജില്ലയിൽ പ്രളയം ഏറ്റവും നാശം വിതച്ചത് മല്ലപ്പള്ളി താലൂക്കിലാണ്.അഞ്ചോളം പഞ്ചായത്തുകളിലായി 1600 ലധികം വീടുകളിൽ വെള്ളം കയറുകയും 462 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. വീടുകളുടെ മാത്രം നാശനഷ്ടം നാലര കോടിയിലേറെ വരും. കോട്ടാങ്ങൽ പഞ്ചായത്തിൽ 466 ,കല്ലൂപ്പാറയിൽ 380, മല്ലപ്പള്ളിയിൽ 323, പുറമറ്റത്ത് 281 ,ആനിക്കാട് 182 ,എന്നിങ്ങനെയാണ് വെള്ളം കയറിയ വീടുകളുടെ പ്രാഥമിക റിപ്പോർട്ട്. ഇതിൽ തന്നെ 462 വീടുകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കോട്ടാങ്ങൽ പഞ്ചായത്തിലെ കാർഷിക നഷ്ടം മാത്രം ഒരു കോടിക്കടുത്ത് വരും.വ്യാപാരികളുടെ നഷ്ടക്കണക്കുകൾ പൂർത്തിയായിട്ടില്ല. അന്തിമ റിപ്പോർട്ട് വരുമ്പോൾ 15 കോടിക്ക് മേലെ കടന്നേക്കാം എന്നാണ് കരുതുന്നത്.