പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് അപ്പം, അരവണ, മറ്റു പ്രസാദങ്ങൾ എന്നിവയുടെ വിതരണത്തിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും കുടിവെള്ള വിതരണത്തിനായി 25000ൽ അധികം കുപ്പികൾ ദിനംപ്രതി സജ്ജീകരിക്കുമെന്നും ശബരിമല എക്സിക്യുട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യരും എക്സിക്യുട്ടീവ് എൻജിനിയർ അജിത് കുമാറും ശബരിമല അവലോകന യോഗത്തിൽ അറിയിച്ചു. ശബരിമല പാതയിൽ സെക്യൂരിറ്റി ക്യാമറയെ മറയ്ക്കും വിധമുള്ള മരച്ചില്ലകൾ വനംവകുപ്പ് വെട്ടി മാറ്റി നൽകണമെന്നും നിലയ്ക്കൽ ബസ് ബേയിൽ തീർത്ഥാടകർക്ക് കാത്തിരിപ്പ് സൗകര്യം കെ.എസ്. ആർ.ടി.സി സജ്ജമാക്കണമെന്നും ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊവിഡ് പശ്ചാത്തലംകൂടി കണക്കിലെടുത്ത് ആവശ്യമായ സജ്ജീകരണങ്ങൾ ക്രമീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ. ഷീജ, ഹോമിയോ ഡിഎംഒ ഡോ.ഡി. ബിജുകുമാർ, ഡിഎംഒ ഐഎസ്എം ഡോ. ശ്രീകുമാർ എന്നിവർ പറഞ്ഞു. നിലയ്ക്കൽ ബേസ് ക്യാമ്പിൽ തീർത്ഥാടകർക്ക് കൊവിഡ് പരിശോധന നടത്തും. കൊതുക് നശീകരണത്തിനും പകർച്ചവ്യാധികൾ തടയുന്നതിനുമുള്ള മുൻകരുതലുകൾ സ്വീകരിക്കും.

കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ മണ്ണാറക്കുളഞ്ഞി റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ സഞ്ചാരയോഗ്യമാക്കാൻ കളക്ടർ നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പല ഭാഷകളിൽ ദിശാ സൂചികകൾ സ്ഥാപിക്കണം. പമ്പ, സന്നിധാനം, നിലയ്ക്കൽ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളിൽ അഗ്നിശമനസേന സേവനം ഉറപ്പുവരുത്തും.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തും. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശുചീകരണം ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി എത്തുന്ന വോളന്റിയർമാരുടെ യാത്രാചെലവ് തുക വർദ്ധിപ്പിക്കണമെന്ന്അ യ്യപ്പസേവാ സംഘം ജനറൽ സെക്രട്ടറി വേലായുധൻ നായർ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ അദ്ധ്യക്ഷത വഹിക്കും.