അടൂർ: അടൂർ ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണമില്ലെങ്കിൽ ഇനി ആശുപത്രി വളപ്പ് വിട്ട് പുറത്ത് പോകേണ്ടതില്ല. ആശുപത്രിയ്ക്ക് മുന്നിൽ എത്തിയാൽ മതി. അലമാരയിൽ ഭക്ഷണമുണ്ട്. ആരുടേയും അനുവാദമില്ലാതെ തുറന്നെടുത്ത് ഒരു രൂപയുടെപോലും ചെലവില്ലാതെ വിശപ്പടക്കാം. എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആരംഭിച്ച ഭക്ഷണ അലമാര നിരവധിപ്പേരുടെ വിശപ്പിന്റെ വിളിക്ക് പരിഹാരമാകുന്ന മാതൃകാ പ്രവർത്തനമായി മാറുന്നു. പൊതിച്ചോർ, പഴവർഗങ്ങൾ, ബ്രഡ്, ബിസ്ക്കറ്റ്. വെള്ളം എന്നിവയും ഭക്ഷണ അലമാരയിലുണ്ടാകും. ആർക്കും എപ്പോഴും ഭക്ഷണമെടുത്ത് വിശപ്പടക്കാം. നിയോജക മണ്ഡലത്തിലെ എ.ഐ.വൈ. എഫ് യൂണിറ്റും കമ്മിറ്റികൾ ഓരോ ദിവസവും ഭക്ഷണപ്പൊതികൾ ഉൾപ്പെടെയുള്ളവ സമാഹരിച്ച് അലമാരയിൽ നിറയ്ക്കും. വിശക്കുന്നവരുടെ മിഴി നനയാതിരിക്കാൻ ഭക്ഷണത്തണൽ ജീവകാരുണ്യ ക്യാമ്പയിൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധിതി സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എ.ദീപു കുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്. അഖിൽ, അഡ്വ.ആർ.ജയൻ, ജി.ബൈജു, ടി.മുരുകേഷ്, അരുൺ കെ. എസ്. മണ്ണടി,ഏഴംകുളം നൗഷാദ് , ആർ രാജേന്ദ്രൻ പിള്ള, എ.പി.സന്തോഷ്, എൻ.കെ. ഉദയകുമാർ, കെ. പത്മിനിയമ്മ, ശ്രീനാദേവി കുഞ്ഞമ്മ, രേഖാ അനിൽ, ബിബിൻ ഏബ്രഹാം, ആശ്വിൻ മണ്ണടി, ബൈജു മുണ്ടപ്പള്ളി എന്നിവർ പങ്കെടുത്തു.