ചെങ്ങന്നൂർ : നഗരസഭാ സെക്രട്ടറിയ്ക്ക് പിന്നിൽ സി.പി.എമ്മും മന്ത്രി സജി ചെറിയാനും ആണെന്ന് സി.പി.എം ഏരിയ സെക്രട്ടറിയുടെ പ്രസ്താവനയോടെ വ്യക്തമായതായി യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടവും കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാറും പറഞ്ഞു. നഗരസഭയിൽ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചപ്പോൾ മുതൽ ഭരണം അട്ടിമറിക്കുന്നതിനും ഭരണ സ്തംഭനം ഉണ്ടാക്കുന്നതിനും മന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം ശ്രമിച്ചുവരികയാണ്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ സംഘടനയുടെ പ്രവർത്തനം ചെങ്ങന്നൂർ നഗരസഭാ പ്രദേശത്ത് വിപുലീകരിച്ചതിനെ തുടർന്നാണ് നഗരസഭ അഗതിമന്ദിരത്തിന് എതിരെ സെക്രട്ടറി നീക്കങ്ങൾ ആരംഭിച്ചത്. സജി ചെറിയാൻ മന്ത്രി ആയതിനു ശേഷം സംഘടനയ്ക്ക് ചുരുങ്ങിയ കാലത്തിനുള്ളിൽ ലഭിച്ച സംഭാവനകൾ അന്വേഷണ വിധേയമാക്കണം. നഗരസഭ കൗൺസിൽ നാല് മാസങ്ങൾക്ക് മുമ്പ് സെക്രട്ടറിയെ മാറ്റാൻ നിയമാനുസൃതമായ പ്രമേയം പാസാക്കിയിട്ടു ഭരണത്തിന്റെ മറവിൽ നിയമം ലംഘിച്ച് സെക്രട്ടറിയെ നിലനിറുത്തുന്നതിന് പിന്നിൽ സി.പി.എം ആണെന്ന് വ്യക്തമായിരിക്കുകയാണ്. ഇടതുപക്ഷം ഭരിക്കുന്ന നെടുമങ്ങാട് നഗരസഭയിൽ കോടികളുടെ അഴിമതിയും സാമ്പത്തിക തട്ടിപ്പും നടത്തിയതിന്റെ പേരിൽ അവിടെനിന്നും പുറത്താക്കി വിജിലൻസ് അന്വേഷണം നേരിടുന്ന നഗരസഭാ സെക്രട്ടറിയെ ഇവിടെ സംരക്ഷിക്കുന്നതിന് പിന്നിൽ സി.പി.എമ്മിന്റെ കപടമുഖം വ്യക്തമാകുകയാണ്. നിലം നികത്തി പാർട്ടി ഓഫീസും, ചാലു നികത്തി സ്റ്റേഡിയവും നിർമ്മിക്കുകയും ചെയ്യുന്ന സി.പി.എം ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയ സ്ഥലത്ത് അഗതി മന്ദിരം നിർമ്മിച്ചതിന് എതിർപ്പുമായി വരുന്നത് വിരോധാഭാസമാണെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.