ചെങ്ങന്നൂർ : ചക്ക, കൂൺ, തേൻ എന്നിവയിൽ നിന്നുമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശനമായ ചക്ക മഹോത്സവത്തിന് മുളക്കുഴയിൽ ഇന്ന് തുടക്കം കുറിക്കും. ഒരു വീട്ടിൽ ഒരു പ്ലാവ് എന്ന ലക്ഷ്യത്തോടെ ജാക്ക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷന്റെ നേതൃത്വത്തിൽ മുളക്കുഴ പഞ്ചായത്ത് ജംഗ്ഷന് തെക്ക് വശം പുലിപ്ര വട്ടത്ത് ജോജോ ബിൾഡിംഗിലാണ് ചക്ക മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കേരള പിറവി ദിനമായ ഇന്ന് രാവിലെ 9.30ന് മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മാകരൻ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ, പുരുഷ സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തോട് സംഘടിപ്പിക്കുന്ന മഹോത്സവത്തിൽ ചക്ക കൊണ്ടു നിർമ്മിക്കുന്ന ഹൽവ, പപ്പടം, അച്ചാർ, ചമ്മന്തിപ്പൊടി, സ്‌ക്വാഷ്, ജാം, പുട്ടുപൊടി, ഉപ്പേരി, അച്ചാർ, വരട്ടി എന്നിവ കൂടാതെ ചക്ക പായസവും ചക്ക ഉണ്ണിയപ്പവും ലഭിക്കും. കൂൺ വിറ്റാ, കൂൺ സോപ്പ്, കൂൺ വിത്തുകൾ, കൂൺ ചമ്മന്തിപ്പൊടി, തേൻ ഉത്പന്നങ്ങളായ മാതളതേൻ, മഞ്ഞൾ തേൻ, കാന്താരി തേൻ, തുടങ്ങി അയുർവേദ ഉത്പന്നങ്ങളുടെ നിര തന്നെ മേളയിലുണ്ട്. ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്‌നാം ഏർളി ,ആയുർ ജാക്ക് തുടങ്ങി നിരവധി പ്ലാവിൻ തൈകളും, കാലാപാടി, ബനാറസ്, നീലൻ, കസ്തൂരി എന്നീ ഇനം മാവിൻതൈകളും, മലേഷ്യൻ കുള്ളൻ, ഗംഗാബോണ്ടം തുടങ്ങിയ തെങ്ങിൻ തൈകളും, ജൈവവളവും, കാർഷിക വിളകൾ, നടീൽ വസ്തുക്കൾ, നാടൻ പച്ചക്കറി വിത്തിനങ്ങൾ, പൂച്ചെടികൾ എന്നിവ മേളയിൽ ലഭ്യമാണ്. രാവിലെ 9 മുതൽ രാത്രി 9 വരെ നടക്കുന്ന മേളയിൽ. പ്രവേശനം സൗജന്യമാണ്. നവംബർ 15ന് മഹോത്സവം സമാപിക്കുമെന്ന് ജാക്ക് ഫ്രൂട്ട് പ്രെമോഷൻ ഫെഡറേഷൻ പ്രസിഡന്റ് വിജയകുമാർ അടൂർ അറിയിച്ചു.