തിരുവല്ല: സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യമാണെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹധനസഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും ഏറ്റെടുത്ത് അതിന് പരിഹാരം കണ്ടെത്തുമ്പോഴാണ് സാമൂഹ്യപ്രതിബദ്ധത നമുക്ക് പ്രാവർത്തികമാക്കുവാൻ കഴിയുന്നത്. ആഢംബര വിവാഹ ധൂർത്ത് ഒഴിവാക്കി മറ്റുള്ളവരെ സഹായിക്കുവാൻ സഭാമക്കൾ തയാറാകണമെന്നും ബാവാ ആവശ്യപ്പെട്ടു. വിവിധ മതസ്ഥരായ 47 നിർദ്ധന യുവതികൾക്കാണ് സഹായം വിതരണം ചെയ്തത്. വിതരണോദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. അർഹിക്കുന്നവരെ സഹായിക്കുകയും കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാവുകയും ചെയ്യുമ്പോഴാണ് മാനവധർമ്മം സാക്ഷാത്കരിക്കപ്പെടുന്നതെന്നും സഭയുടെ ഈ പദ്ധതി മാതൃകാപരമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വിവാഹ സഹായ സമിതി പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ തേവോദോറോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അനുഗ്രഹസന്ദേശം നൽകി. വൈദിക ട്രസ്റ്റി ഫാഡോ.എം.ഒജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, വിവാഹ സഹായസമിതി കൺവീനർ ഏബ്രഹാം മാത്യൂ വീരപ്പള്ളിൽ, പരുമല സെമിനാരി മാനേജർ ഫാ.എം.സി.കുര്യാക്കോസ്, വിവാഹ സമിതി അംഗങ്ങളായ ഫാ.സി.കെ.ഗീവർഗീസ്, എ.കെജോസഫ്, ജോ ഇലഞ്ഞിമൂട്ടിൽ, സജി കളീക്കൽ, ജോൺസി ദാനിയേൽ, കെ.എ.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.