തയ്യാറാക്കുന്നത് അഡ്വഞ്ചർ പാർക്കിനോടു ചേർന്ന്
കൊല്ലം: നഗരത്തിലെ ജൈവ വൈവിദ്ധ്യ പൈതൃക മേഖലയായ ആശ്രാമത്ത് ശലഭോദ്യാനമൊരുങ്ങുന്നു. അഡ്വഞ്ചർ പാർക്കിനോട് ചേർന്നുള്ള പത്ത് സെന്റിൽ ജൈവ വൈവിദ്ധ്യ ബോർഡിന്റെയും നഗരസഭയിലെ ജൈവ വൈവിദ്ധ്യ മാനേജ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഉദ്യാനം തയ്യാറാക്കുന്നത്. ഇതിനൊപ്പം മിയാവാക്കി വനവും ഇവിടെ വികസിപ്പിക്കും.
അഡ്വഞ്ചർ പാർക്കിനോട് ചേർന്ന് നിലവിൽ ചിത്രശലഭങ്ങൾ കൂടുതലുള്ള പ്രദേശമാണ് ഉദ്യാനമാക്കുന്നത്. ഇവിടെ ശലഭങ്ങളെ ആകർഷിക്കുന്ന കൂടുതൽ സസ്യങ്ങൾ വച്ചുപിടിപ്പിച്ച് പ്രത്യേക ആവാസ വ്യവസ്ഥ ഒരുക്കും. ശലഭങ്ങൾക്ക് തേൻ കുടിക്കാൻ കഴിയുന്ന പൂക്കളുള്ള സസ്യങ്ങളും മുട്ടയിടാനും ലാർവ ഭക്ഷിക്കാനും ഉപകരിക്കുന്ന വഹാക സസ്യങ്ങളുമാണ് പ്രധാനമായും വച്ചുപിടിപ്പിക്കുന്നത്. വിവിധതരം ശലഭങ്ങളുടെ സൗന്ദര്യം ജനങ്ങൾക്ക് ആസ്വദിക്കാൻ ഉദ്യാനത്തിന് നടുവിലൂടെ നടപ്പാതയും ഉണ്ടാകും. ഇവിടത്തെ വിവിധതരം ശലഭങ്ങളെക്കുറിച്ചുള്ള വിശദീകരണം അടങ്ങിയ ബോർഡുകളും ഉണ്ടാകും.
പദ്ധതിയുടെ വിശദമായ രൂപരേഖ വൈകാതെ തയ്യാറാക്കി നിർവഹണത്തിനായി സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തും. 2024ൽ ഉദ്യാനം പൂർണ സജ്ജമാകും. എന്ന് മുതൽ സന്ദർശകരെ പ്രവേശിപ്പിക്കാമെന്ന് തീരുമാനമായില്ല.
43 ഇനം ശലഭങ്ങൾ
ഉദ്യാനമൊരുക്കാൻ ആലോചിക്കുന്ന, കെ.ടി.ഡി.സി ഹോട്ടലിനും അഡ്വഞ്ചർ പാർക്കിനും ഇടയിലുള്ള പ്രദേശത്ത് 43 ഇനം നാടൻ ശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഉദ്യാനമൊരുങ്ങുന്നതോടെ ഓരോ ഇനത്തിന്റെയും എണ്ണം വർദ്ധിക്കുന്നതിനൊപ്പം കൂടുതൽ ഇനങ്ങൾ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
കണ്ടെത്തിയ ശലഭങ്ങൾ: ഗരുഡ ശലഭം, നാട്ടുറോസ്, ചക്കര ശലഭം, കരീല ശലഭം, മഞ്ഞപ്പാപ്പാത്തി, നലീക്കടുവ, കൃഷ്ണശലഭം
വച്ചുപിടിപ്പിക്കുന്ന സസ്യങ്ങൾ: സീനിയ, സൂര്യകാന്തി, ഗരുഡപ്പൊടി, നാരകം, ചെമ്പരത്തി, കൃഷ്ണ കിരീടം, കറിവേപ്പ്