ഓടനാവട്ടം: നെടുമൺകാവ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്ഥാപിച്ച ഡിജിറ്റൽ എക്സ്റേ കം മാമോഗ്രാം യൂണിറ്റ് ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നരവർഷത്തിലധികമായി. എന്നിട്ടും പ്രവർത്തനം ആരംഭിക്കാത്തതിനാൽ പ്രതിഷേധം ശക്തമാകുന്നു. മന്ത്രി കെ .എൻ. ബാലഗോപാൽ ഇടപെട്ട് നടപടികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആരോഗ്യകേന്ദ്രത്തിൽ കെട്ടിടം നിർമ്മിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് അന്നത്തെ എം.എൽ.എ പി.ഐഷപോറ്റി ഉദ്ഘാടനവും നടത്തി. പക്ഷേ പ്രവർത്തനം ആരംഭിച്ചില്ല. കെട്ടിടത്തിനും ഉപകരണങ്ങൾക്കുമായി 43 ലക്ഷത്തിലധികം രൂപയാണ് ചെലവായത്. എക്സ് റേ യൂണിറ്റിലും മറ്റും പക്ഷികൾ കൂടുകൂട്ടി നശിച്ചു. വിവിധ പഞ്ചായത്തുകളിൽ നിന്നാണ് നെടുമൺകാവ് ആരോഗ്യ കേന്ദ്രത്തിൽ രോഗികൾ എത്തുന്നത്. എക്സ് റേ സൗകര്യം ലഭിക്കാത്തതിനാൽ വളരെ ദൂരങ്ങളിൽ ഉള്ള സ്വകാര്യ സ്ഥാപനങ്ങളെയാണ് ഇവർക്ക് ആശ്രയിക്കേണ്ടി വരുന്നത്.ഈ ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളിൽ വർഷങ്ങളായി കിടപ്പുരോഗികളായി വീടുകളിൽ കഴിയുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ളസാമഗ്രികൾ പോലും ഈ കേന്ദ്രത്തിൽ നിന്ന് നൽകുന്നില്ല.