thankasseri-fort
തങ്കശേരി കോട്ട

 തങ്കശ്ശേരി കോട്ട നാമാവശേഷമാവുന്നു

കൊല്ലം: കൊല്ലത്തെ 'ചരിത്രസ്മൃതി'കളിൽ 502 വർഷത്തെ കഥയുണ്ട്, നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സെന്റ് തോമസ് ഫോർട്ട് എന്ന തങ്കശ്ശേരി കോട്ടയ്ക്ക്. പോർച്ചുഗീസുകാർ നിർമ്മിക്കുകയും പിന്നീട് ഡച്ചുകാർ പിടിച്ചെടുക്കുകയും ചെയ്ത കോട്ട സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

ഇന്ത്യയിൽ പോർച്ചുഗീസുകാർ നിർമ്മിച്ച ആദ്യത്തെ കോട്ടയാണിത്. വെട്ടുകല്ലും സുർക്കിയുമാണ് നിർമ്മാണ സാമഗ്രികൾ. 20 അടി ഉയരവും എട്ട് കൊത്തളങ്ങളും വിശാലമായ ഇടനാഴികളുമായി പോർച്ചുഗീസ് എൻജിനിയർ ഹെക്ടർ ഡി. ലാക്കസിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് പണിക്കാർ രണ്ടു വർഷംകൊണ്ട് കോട്ട പൂർത്തിയാക്കി. 1519 സെപ്തംബറിൽ പൂർത്തീകരിച്ച കോട്ടയിൽ നിലവിൽ അവശേഷിക്കുന്നത് ചെറിയൊരു ഭാഗം മാത്രമാണ്.

കൊല്ലത്തെ സെന്റ് തോമസ് പള്ളി പുതുക്കിപ്പണിയാൻ 1516 സെപ്തംബറിൽ പോർച്ചുഗീസ് ഗവർണർ ലോപ്പോ ഡോറസും കൊല്ലം റാണിയുമായുണ്ടാക്കിയ കരാറാണ് കോട്ട നിർമ്മാണത്തിന് വഴിതെളിച്ചത്. മൂന്ന് വാർഷിക ഗഡുക്കളായി 500 കണ്ടി (പ്രാചീന അളവ്) കുരുമുളക് പോർച്ചുഗീസ് രാജാവിന് നൽകണമെന്നായിരുന്നു കരാർ. 1517 ഫെബ്രുവരി ഒന്നിന് റൊഡ്രിഗസ് കൊല്ലത്ത് പോർച്ചുഗീസ് ക്യാപ്റ്റനായി. പക്ഷേ, കുരുമുളക് നൽകാൻ രാജ്ഞിക്കായില്ല. പരിഹാരമെന്നോണം, തങ്ങളുടെ വാസത്തിനായി സുരക്ഷിത കേന്ദ്രം പണിയാൻ അനുവദിച്ചാൽ മതിയെന്ന ഒത്തുതീർപ്പ് റൊഡ്രിഗസ് മുന്നോട്ടു വച്ചു.

തദ്ദേശീയമായ എതിർപ്പു പരിഗണിക്കാതെ റാണി സമ്മതം നൽകി. നിർമ്മാണം കഴിഞ്ഞതോടെ റൊഡ്രിഗസ് കുരുമുളകിനായി വിലപേശൽ തുടങ്ങി. ആര്യങ്കാവ് വഴി കൊല്ലത്തേക്കു കൊണ്ടുവന്ന കുരുമുളക് ബലമായി പിടിച്ചെടുത്തു. പ്രകോപിതരായ ഒരു സംഘം തദ്ദേശീയ പോരാളികൾ കോട്ട ആക്രമിച്ചു കീഴടക്കി. 1520 ആഗസ്​റ്റിൽ കോട്ട വീണ്ടും പോർച്ചുഗീസ് നിയന്ത്റണത്തിലായി. പോർച്ചുഗീസുകാരുമായി റാണി വൈകാതെ പുതിയ കരാർ ഉണ്ടാക്കി. 1658ൽ ഡച്ചുകാർ കൊല്ലത്ത് എത്തുംവരെ ഇണങ്ങിയും പിണങ്ങിയും ഈ സഖ്യം തുടർന്നു.

 ഡച്ചുകാർ പിടിച്ചെടുക്കുന്നു

വാൻ ഗോയെൻസിന്റെ നേതൃത്വത്തിലുള്ള ഡച്ച് നാവികസംഘം 1658 ഡിസംബർ 28ന് തങ്കശ്ശേരി കോട്ട പിടിച്ചെടുത്തു. കോട്ടയ്‌​ക്കൊപ്പം കൊല്ലത്തിന്റെ ഭരണത്തിലും ഡച്ച് സ്വാധീനം വൈകാതെ ഉണ്ടായി. നഗരപരിധി കുറയ്ക്കുന്നതിന്റെ ഭാഗമായി ഡച്ചുകാർ വരുത്തിയ ചില മാ​റ്റങ്ങളെ തുടർന്നാണ് തങ്കശ്ശേരി കോട്ടയുടെ വലിപ്പം ആദ്യം കുറഞ്ഞത്.

 സെമിത്തേരിയും

ഡച്ച് ഉദ്യോഗസ്ഥർക്കായി വസതികളും മ​റ്റ്​ സൗകര്യങ്ങളും സെമിത്തേരിയും വരെ ഇവിടെയുണ്ടായിരുന്നു. സെമിത്തേരി കാടുപിടിച്ച് കിടക്കുകയാണ്. കേരളത്തിലെ ഡച്ച് അധിനിവേശത്തിന്റെ ഏ​റ്റവും പ്രധാന സ്മാരകമായ കോട്ടയുടെ ഏതാനും ചുമരുകൾ മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ. നിലവിൽ കോട്ട കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നിയന്ത്റണത്തിലാണ്. കോട്ടയിലേക്ക് കടലിൽ നിന്ന്​ സാമഗ്രികൾ എത്തിക്കാൻ ബക്കിംഗ്ഹാം കനാൽ എന്ന പേരിൽ ജലപാതയും നിർമ്മിച്ചിരുന്നു. ചെറിയ പായ്ക്കപ്പലുകൾ വരെ കടന്നുപോയിരുന്ന ബക്കിംഗ്ഹാം കനാൽ ഇപ്പോൾ ചെറിയ തോടുപോലെയാണ്.