എട്ട് ദിവസം നീളുന്ന ശുചീകരണ യജ്ഞം
കൊല്ലം. അഷ്ടമുടിക്കായൽ ശുചീകരണ യജ്ഞത്തിന് ഇന്ന് തുടക്കം. നഗരത്തിലെ 16 കേന്ദ്രങ്ങളിൽ എട്ട് ദിവസം നീളുന്ന ശുചീകരണത്തിൽ ആയിരത്തോളം പേർ പങ്കാളികളാകും.
തീരങ്ങൾ കൈയേറിയും മാലിന്യം നിറഞ്ഞും നാശത്തിലേക്കു നീങ്ങുന്ന കായലിന്റെ സ്വാഭാവികത വീണ്ടെടുക്കുകയാണ് ലക്ഷ്യം. മനുഷ്യവിസർജ്യവും പ്ലാസ്റ്റിക്കും കായലിന്റെ ആവാസ വ്യവസ്ഥയെ തന്നെ ബാധിച്ചിരുന്നു. അടിത്തട്ട് ഉയർന്ന് മത്സ്യസമ്പത്തും കക്കാസമ്പത്തും കുറഞ്ഞു. അപകടങ്ങൾ തുടർക്കഥയായി. അധികൃതർ മൗനം പാലിച്ചതോടെ കായൽ കൈയേറ്റങ്ങളും പതിവായി.
കായലിന്റെ നാശം ജീവജാലങ്ങൾക്ക് ഭീഷണിയായ ഘട്ടത്തിലാണ് വീണ്ടെടുക്കലുമായി കൊല്ലം നഗരസഭ രംഗത്തുവന്നത്. ഹ്രസ്വകാല- ദീർഘകാല പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. അഷ്‌ടമുടി ആവാസ വ്യവസ്ഥ പുനസ്ഥാപന അതോറിട്ടി രൂപീകരിക്കാനുള്ള നിർദേശവും സർക്കാരിന് സമർപ്പിച്ചു.
ആക്ഷൻ പ്ലാനിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റ് 13ന് സാങ്കേതിക ശില്പശാല സംഘടിപ്പിച്ചിരുന്നു. മഴ മനുഷ്യൻ എന്നറിയപ്പെടുന്ന വിശ്വനാഥ് ശ്രീകണ്ഠയ്യരും നഗരാസൂത്രണ വിദഗ്ദ്ധൻ ബൈലി ഇ. മേനോനും ശില്പശാലയിൽ പങ്കെടുക്കുകയും കായൽ യാത്ര നടത്തി ദുരിതക്കാഴ്ചകൾ നേരിട്ട് കാണുകയും ചെയ്തു. പിന്നാലെ മന്ത്രി കെ.എൻ. ബാലഗോപാൽ, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവരുടെ നേതൃത്വത്തിലും കായൽ യാത്ര നടത്തി. കായൽ തീരങ്ങളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം തള്ളുന്നതിന്റെ വിവരങ്ങൾ ശേഖരിച്ചു. കുടുംബശ്രീ പ്രവർത്തകരും വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തി.
ഉദ്ഘാടനം ലിങ്ക് റോഡിൽ
ലിങ്ക് റോഡിൽ രാവിലെ 8.30ന് മന്ത്രി കെ.എൻ. ബാലഗോപാൽ ശുചീകരണം ഉദ്ഘാടനം ചെയ്യും. തൊഴിലുറപ്പ് പ്രവർത്തകർ, ശുചിത്വ മിഷൻ പ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കാളികളാകും. 50 വള്ളങ്ങളിൽ 100 മത്‍സ്യത്തൊഴിലാളികളും കക്കാ വാരൽ തൊഴിലാളികളും കായലിന്റെ അടിത്തട്ടിലെ മാലിന്യങ്ങൾ നീക്കും. ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ളീൻ കേരള കമ്പനിക്ക് കൈമാറും. നഗരസഭയുടെ 16 കേന്ദ്രങ്ങളിലും മറ്റു പഞ്ചായത്ത് കേന്ദ്രങ്ങളിലും ശുചീകരണം നടക്കും.
വഴിതെളിച്ചത് 'കേരളകൗമുദി' പരമ്പര
കായൽ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി 'ആഴം മറന്ന അഷ്ടമുടി' എന്ന പേരിൽ 'കേരളകൗമുദി' ഒരാഴ്ച നീണ്ടുനിന്ന പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് കായലിന്റെ ഗുരുതരാവസ്ഥ അധികൃതർ ഗൗരവമായി കാണാൻ തുടങ്ങിയത്. തുടർന്ന് ശില്പശാലയും മന്ത്രിയുടെയും മേയറുടെയും നേതൃത്വത്തിൽ നടന്ന കായൽ യാത്രയും ശുചീകരണയജ്ഞമെന്ന ബൃഹദ് പദ്ധതിയിലേക്ക് നയിക്കുകയായിരുന്നു.